Food

തട്ടുകടയിലെ സ്പെഷ്യൽ പഴംപൊരി വീട്ടിൽ തയ്യാറാക്കാം

വീട്ടിൽ ഉണ്ടാക്കുന്ന പഴംപൊരിക്ക് കടകളിൽ നിന്ന് കഴിക്കുന്ന പഴംപൊരിയുടെ അത്ര രുചിയുണ്ടാകാറില്ല. എന്നാൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ. അടിപൊളി ആയിരിക്കും. നന്നായി പഴുത്ത മൂന്ന് നേന്ത്രപ്പഴമെടുത്ത് നീളത്തിൽ മൂന്ന് കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ, കാൽ കപ്പ് അരിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. പഴംപൊരി നന്നായി മൊരിഞ്ഞു കിട്ടാനാണ് അരിപ്പൊടി ഉപയോഗിക്കുന്നത്.  ഇതിലേക്ക് കുറച്ച് എള്ളും, കാൽ ടീസ്പൂൺ സോഡാ പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം. അര കപ്പ് തൈര് കൂടി ചേർത്ത് ഈ മാവിനെ പുളിപ്പിച്ചെടുക്കണം. പഴംപൊരി നല്ല സോഫ്റ്റ് ആയി വരാൻ തൈര് സഹായിക്കും. മാവ് എണ്ണയിലിടുമ്പോൾ നല്ല പോലെ പൊങ്ങി വരുന്നതിനും തൈര് നല്ലതാണ്.  കുറച്ച് വെള്ളമൊഴിച്ച് എല്ലാം ചേർത്ത് നല്ല കട്ടിയുള്ള രൂപത്തിൽ മാവ് മിക്സ് ചെയ്യണം.  പഴം മാവിൽ മുക്കിയെടുക്കുമ്പോൾ പഴത്തിൽ നല്ലപോലെ മാവ് പറ്റിപ്പിടിച്ചിരിക്കുന്ന പരുവമാണ് ഇതിന്റെ പാകം. പുറമെ നല്ല ക്രിസ്പിയും അകമെ നല്ല സോഫ്‌റ്റും ആയും ഇരിക്കും ഈ പഴംപൊരി.