Food

കൊഞ്ച് കൊണ്ട് ഒരു അസ്സൽ വിഭവം തയ്യാറാക്കിയാലോ

മൽസ്യവിഭവങ്ങളിൽ പലരുടെയും ഇഷ്ടയിനമായിരിക്കും കൊഞ്ച്. വലുപ്പവും രുചിയും കൂടുതലുള്ള കൊഞ്ച് വറുത്തും റോസ്റ്റ് ചെയ്തും തീയൽ വച്ചുമൊക്കെയാണ് നമ്മുക്കേറെ പരിചിതം. എന്നാൽ ആ രുചിയിൽ നിന്നും മാറി നിൽക്കുന്ന, എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ മനസ് കീഴടക്കുന്ന ഒരു വിഭവം കൊഞ്ച് കൊണ്ട് തയാറാക്കിയാലോ? രുചിയിൽ മാത്രമല്ല പേരിലും പുതുമയുള്ള ഈ വിഭവത്തെ കുഞ്ഞുള്ളി കൊഞ്ച് എന്നുവിളിക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ ചെറിയുള്ളിയാണ് ഈ വിഭവത്തിലെ പ്രധാന താരം. ഉണ്ടാക്കാൻ ഏറെ എളുപ്പമാണ്, രുചിയോ അതിഗംഭീരവും.

ആവശ്യമായ ചേരുവകൾ

കൊഞ്ച് – പത്തെണ്ണം
വെളുത്തുള്ളി – ഒരു ടീസ്പൂൺ
ഇഞ്ചി – അര ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
കാന്താരി മുളക് – എരിവിന് അനുസരിച്ചു
ചെറിയുള്ളി – എട്ടുമുതൽ പത്തെണ്ണം വരെ
കുരുമുളക് ചതച്ചത് – അര ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
കശ്മീരി മുളക് പൊടി – ഒരു ടീസ്പൂൺ
മല്ലിപൊടി – അര ടീസ്പൂൺ
നാടൻ ചൊറുക്ക (വിനാഗിരി) – രണ്ടു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
മല്ലിയില – കുറച്ച്
ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തത് – ഗന്ധത്തിനായി മാത്രം
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
മല്ലിയില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മേൽപറഞ്ഞ ചേരുവകളിൽ കൊഞ്ച് ഒഴിച്ചുള്ളതെല്ലാം ഒരു മിക്സിയുടെ ജാറിലേക്കിട്ടു ഒന്ന് ചതച്ചെടുക്കുക. ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചിനു മുകളിൽ അരച്ചെടുത്ത മസാല തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂർ ഫ്രിജിൽ വയ്ക്കുക. കൊഞ്ചിൽ മസാല പിടിക്കുന്നതിനായാണ് ഇപ്രകാരം ചെയ്യുന്നത്. അരമണിക്കൂറിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. കൂടെ കുറച്ചു കറിവേപ്പിലയും തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളിയും ചേർക്കാം. തീ ഒട്ടും തന്നെ കുറയ്ക്കാതെ കൊഞ്ചുകൾ പാനിലേക്കു ഇട്ടുകൊടുക്കാവുന്നതാണ്. കുറച്ച് ചെറിയുള്ളികൾ കൂടെ പാനിലേക്കിട്ടു കൊടുക്കാം. കൊഞ്ചുകൾ തിരിച്ചിട്ടു കൊടുത്ത് പാകമായതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കുറച്ച് മല്ലിയില കൂടിയിട്ടു അലങ്കരിക്കാം.