പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ വോട്ട് തങ്ങള്‍ക്കായി ഉറപ്പിക്കാനുള്ള അവസാനഘട്ട നെട്ടോട്ടത്തിലാണ്. ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത തരത്തിലുള്ള ട്വിസ്റ്റുകള്‍ മുതല്‍, ആത്മകഥാ വിവാദം വരെ തെരഞ്ഞെടുപ്പില്‍ തിളങ്ങി നില്‍ക്കുകയാണ്. യു ഡി എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും, ഇടത് സ്വതന്ത്രന് ഡോ. പി സരിനും, എന്‍ ഡി എ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും നേര്‍ക്ക് നേര് വരുമ്പോള്‍ ആരായിരിക്കും ജനഹൃദയങ്ങളെ കീഴടക്കി നായകനാകുന്നതെന്ന് ജനങ്ങള്‍ തീരുമാനിക്കും.
കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ ഡോ. പി സരിന് ഇടതുപക്ഷത്തേക്ക് എത്തിയപ്പോള്‍, ബി ജെ പിയുടെ ശൗര്യമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തി. ഇത്തരത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും ആയി ഒരുപാട് കാര്യങ്ങള്‍ക്ക് പാലക്കാട് സാക്ഷ്യം വഹിച്ചിരുന്നു.
നാളെയാണ് എല്ലാ ആവേശവും അതിന്റെ പാരമ്യത്തിലെത്തുന്ന കലാശക്കൊട്ട്. അവസാന നിമിഷത്തില്‍ തന്ത്രം മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.