Kerala

റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനം വൈകുന്നു

സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റി വെയ്ച്ചു. കേസിലെ സിറ്റിങ് നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
മോചനക്കേസ് മാറ്റിവെച്ചതില്‍ പ്രതികരണവുമായി റഹീമിന്റെ മാതാവ് ഫാത്തിമ്മ രംഗത്തെത്തി. മകനെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വലിയ പ്രതീക്ഷയില്‍ ആയിരുന്നെന്ന് സഹോദരന്‍ നസീറും പ്രതികരിച്ചു. മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല. കോടതിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.

‘മകനുമായി ഒരുമിച്ച് വരാമെന്ന് കരുതിയാണ് പോയത്. എത്രയും പെട്ടെന്ന് എന്റെ കുട്ടിയെ എത്തിച്ച് തരണം. കാണാന്‍ എത്രയോ കാലമായി നീറിക്കഴിയുകയാണ് ഞാന്‍. കണ്ടപ്പോള്‍ കുറേ കരഞ്ഞു. എന്തൊക്കെയോ പറഞ്ഞു. എത്രയോ കാലമായി കാണുകയല്ലേ. അവന് ചായ കൊടുത്തു. എനിക്കും ചായ തന്നു. ഉമ്മച്ചി പൊയ്‌ക്കോളിന്‍, ഞാന്‍ അടുത്തയാഴ്ച്ച വരുമെന്നും പറഞ്ഞു’. നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോഴും ഇങ്ങനെയുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും ഉമ്മ പറഞ്ഞു.