മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ അതിരൂക്ഷ പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെും മുഖ്യമന്ത്രി പറഞ്ഞു.
‘സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായിരുന്നു. ആഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്ന് അവര്‍ നിലപാട് സ്വീകരിച്ചു.
കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ ലീഗ് തുടര്‍ന്നതില്‍ വ്യാപകമായ അമര്‍ഷം ലീഗ് അണികളിലുണ്ടായിരുന്നു. അപ്പോഴാണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരുന്നത്. അന്നത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദ്ദിഖലി തങ്ങളെപ്പോലെ അല്ല. സാദ്ദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ്. പക്ഷേ അന്നത്തെ തങ്ങള്‍ സര്‍വരാലും ആദരിക്കുന്ന തങ്ങളായിരുന്നു. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാന്‍ വന്നു.അദ്ദേഹം ഒരു വീട്ടില്‍ വരുമെന്ന് അറിയിച്ചു.’ സാധാരണ തങ്ങള്‍ വന്നാല്‍ ഓടിക്കുടുന്ന ലീഗുകാരെ കാണാനുണ്ടായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സന്ദീപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നത് നാട്ടില്‍ എന്ത് പ്രതികരണം ഉണ്ടാക്കുമെന്ന് സംഭവിച്ചു കഴിഞ്ഞാണ് കോണ്‍ഗ്രസ് മനസ്സിലാക്കിയതെന്നും അതിന്റെ വെപ്രാളത്തിലാണ് പാണക്കാട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.പി.ജയരാജന്റെ ത്മകഥയെന്ന പേരില്‍ മാധ്യമങ്ങള്‍ കള്ളം പറഞ്ഞു. പുസ്തകത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിനെ ജയരാജന്‍ തള്ളിപ്പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. പുസ്തകം എഴുതുമ്പോള്‍ സരിന്‍ എവിടെയെന്ന് വ്യക്തത വന്നിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് തലേന്നല്ല എഴുതി കൊടുക്കുന്നത്. ജയരാജന്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.
ജയരാജന്‍ പാര്‍ട്ടിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. അതോടെ വിവാദം പാര്‍ട്ടി പൂര്‍ണമായി തള്ളി. ബിജെപി സര്‍ക്കാര്‍ കേരളത്തോട് വിവേചനപരമായ നിലപാട് സ്വീകരിക്കുകയാണ്. കേരളത്തെ പ്രത്യേക കണ്ണോടെ കാണുന്നു. കേരളം തകരണമെന്ന മനോഭാവത്തോടെ ദ്രോഹിക്കുന്നു. വലിയ രീതിയില്‍ ഉപദ്രവം വരുത്തിവയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.