Crime

മോഷണത്തിന് പിന്നിൽ കുറുവാസംഘം തന്നെ ; സന്തോഷിനെ പിടികൂടാൻ സഹായിച്ചത് പച്ചകുത്തിയ അടയാളം

ആലപ്പുഴ മണ്ണഞ്ചേരിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണത്തിന് പിന്നിൽ കുറുവാസംഘം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയിൽ അതിസാഹസികമായി പോലീസ് പിടികൂടിയ സന്തോഷും കുറുവാ സംഘത്തിൽ പെട്ട ആളാണെന്നും പോലീസ് വ്യക്തമാക്കി. പോലീസ് പിടികൂടി ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ സന്തോഷ് ജീപ്പിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു, പിന്നീട് മണിക്കൂറുകൾ നീണ്ട സാഹസിക ശ്രമങ്ങൾക്കൊടുവിലാണ് പോലീസ് സന്തോഷിനെ പിടികൂടിയത്. തമിഴ്നാട്ടിൽ 18 കേസുകളും കേരളത്തിൽ എട്ട് കേസുകളും ഉള്ള ഒരു സ്ഥിരം കുറ്റവാളിയാണ് സന്തോഷ് സെൽവം. പാലായിൽ സമാനരീതിയിൽ നടന്ന മോഷണങ്ങളെ കുറിച്ച് അന്വേഷിച്ചാണ് സന്തോഷിലേക്ക് പോലീസ് എത്തിയത്. പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയതാണ് ആളെ തിരിച്ചറിയുന്നതിൽ നിർണായകമായത്.

കേരളത്തിൽ മോഷണത്തിനായി 14പേർ അടങ്ങുന്ന സംഘമാണ് തമ്പടിച്ചിരിക്കുന്നത്. മോഷണക്കേസിൽ നിലവിൽ പിടിയിലായവരിൽ കൂടുതൽ ആളുകളും തമിഴ്‌നാട്ടിലെ കാമാച്ചിപുരം സ്വദേശികളാണ്. സിസിടിവി ദൃശ്യങ്ങളിൽ അടക്കം പതിഞ്ഞ കേസിലെ രണ്ടാംപ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ആലപ്പുഴ ഡിവൈ.എസ്.പി. എം.ആര്‍.മധു ബാബു പറഞ്ഞു. എന്നാൽ വിവരങ്ങൾ കൈമാറിയാൽ പ്രതി രക്ഷപ്പെട്ടേക്കാം എന്നതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. മോഷണത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.