കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ഞായറാഴ്ച പിന്‍വലിച്ചു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി പറയുന്നു.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും നിരപരാധികളുടെ ജീവന് നഷ്ടപ്പെട്ടതിലുമുള്ള അതൃപ്തി ചൂണ്ടിക്കാട്ടി, സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ ഉടന്‍ പ്രാബല്യത്തില്‍ പിന്‍വലിക്കാനുള്ള തീരുമാനം പാര്‍ട്ടി പ്രഖ്യാപിച്ചു.
‘ശ്രീ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് ശക്തമായി തോന്നുന്നു,’ എന്‍പിപി നല്കിയ കത്തില്‍ പറയുന്നു.
‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മണിപ്പൂര്‍ സംസ്ഥാനത്ത് ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍ പ്രാബല്യത്തില്‍ പിന്‍വലിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തീരുമാനിച്ചു,’ അത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ കുക്കി, മെയ്തേയ് കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള വംശീയ കലഹങ്ങളില്‍ നിന്ന് വലയുന്ന മണിപ്പൂരിലെ സ്ഥിതിഗതികള്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തതിന് ശേഷമുള്ള പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ശേഷം അസ്ഥിരമായി തുടരുന്നതിനിടെയാണ് എന്‍പിപി ഞെട്ടിച്ചത്.