Kerala

എല്ലാ അര്‍ഥത്തിലും വ്യാജനായ വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എ.കെ. ഷാനിബ്

എല്ലാ അര്‍ഥത്തിലും വ്യാജനായ വ്യക്തിയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്. അദ്ദേഹം ഇതുവരെ ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്തിട്ടില്ലെന്നും പരസ്യമായി കള്ളംപറഞ്ഞുവെന്നും ഷാനിബ് ആരോപിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി ഇന്‍കംടാക്സ് ഫയല്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. വിലകൂടിയ കാര്‍ വാങ്ങിയപ്പോള്‍ അതിനുള്ള വരുമാനം മുടിവെട്ട് കട, വസ്ത്രക്കട, മില്‍മ ബൂത്ത് എന്നിവയില്‍നിന്നായിരുന്നുവെന്നും അതിന് നികുതി കൊടുക്കുന്നുണ്ടെന്നും വാദിച്ചിരുന്നു. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നികുതി അടച്ച വിവരം കാണാനില്ല. അടിമുടി വ്യാജനായ യുഡിഎഫ് സ്ഥാനാര്‍ഥി കള്ളനാണെന്നും ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഇവിടെ എല്ലാ അര്‍ഥത്തിലും വ്യാജനായ ആളാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ആദ്യം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐ.ഡി. കാര്‍ഡുണ്ടാക്കി. അതുപോലെ, നിരന്തരം കള്ളങ്ങള്‍ പറഞ്ഞു. വ്യാജമായ സത്യവാങ്മൂലം കൊടുത്തുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

അദ്ദേഹത്തിന് നാല് കച്ചവടസ്ഥാപനങ്ങളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു . ഒരു ബാര്‍ബര്‍ ഷാപ്പ്, വസ്ത്രക്കട, മില്‍മ ഷോപ്പ് അടക്കമുള്ള വരുമാനമാര്‍ഗങ്ങള്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍, നികുതി അടച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നില്ല. ലക്ഷങ്ങള്‍ വരുമാനമുള്ള സ്ഥാനാര്‍ഥി ഇതുവരെ ഐ.ടി. റിട്ടേണ്‍സ് ഫയല്‍ ചെയ്തിട്ടില്ല. അതേസമയം, ഐ.ടി. റിട്ടേണ്‍സ് ഫയല്‍ ചെയ്തതായി രാഹുല്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നുണ പറയുന്ന വ്യാജനായൊരു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി മത്സരിക്കുന്നു. അതിനുള്ള ഒരു തെളിവുകൂടെ പുറത്തുവരുകയാണ്.’ ഷാനിബ് ആരോപിച്ചു.

കഴിഞ്ഞ ദിവസം പി. സരിനെതിരേ വ്യാജവോട്ട് ചേര്‍ത്തുവെന്ന തരംതാണ ആരോപണം ഉന്നയിച്ചിരുന്നു പ്രതിപക്ഷനേതാവ്. എന്നാല്‍ അടിമുടി വ്യാജനായ ഒരു വ്യക്തിയെ അടുത്തിരുത്തിയാണ് ഇത്തരം വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കണം’ എ.കെ. ഷാനിബ് കൂട്ടിച്ചേര്‍ത്തു.