India

ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്

സ്ഥാനഭ്രഷ്ടയായ ഏകാധിപതി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലദേശില്‍ തന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് 100 ദിവസം പൂര്‍ത്തിയായ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യൂനുസ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘ സ്ഥാനഭ്രഷ്ടയായ ഏകാധിപതി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് നമ്മള്‍ ഇന്ത്യയോട് ആവശ്യപ്പെടും. ഇക്കാര്യം രാജ്യാന്തര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ കരിം ഖാനുമായി ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്”-മുഹമ്മദ് യൂനുസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലുണ്ടായ നൂറുകണക്കിന് മരണങ്ങള്‍ക്ക് കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഇന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ കഴിയുകയാണ് ഹസീനയും സഹോദരിയും. സര്‍ക്കാര്‍ വിരുദ്ധ കലാപത്തിനിടെ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന് ബംഗ്ലദേശിലെ പ്രത്യേക കോടതി നവംബര്‍ 12ന് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു.