India

പൂഞ്ചില്‍ നടന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തത് 26000 യുവാക്കള്‍

ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ പൂഞ്ചില്‍ നടന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തത് 26000 യുവാക്കള്‍. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നീക്കിയശേഷം ആദ്യമായി പൂഞ്ചില്‍ നടത്തിയ റിക്രൂട്ട്‌മെന്റ് റാലിയിലാണ് അദ്ഭുതപ്പെടുത്തുന്ന യുവപ്രാതിനിധ്യം. സൈന്യത്തിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ 307 ഉം ടെറിട്ടോറിയല്‍ ആര്‍മിയില്‍ ക്ലര്‍ക്ക്, ട്രേഡ്‌സ്മാന്‍ തസ്തികളിലേക്കു 45ഉം ഒഴിവുകള്‍ നികത്താനായിരുന്നു പരിപാടി.
സുരന്‍കോട്ടിലെ അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടില്‍ കഴിഞ്ഞ എട്ടിനാരംഭിച്ച റിക്രൂട്ട്‌മെന്റ് റാലിയിയില്‍ ജമ്മു ഡിവിഷനിലെ 31 താലൂക്കുകളില്‍ നിന്നുള്ള യുവാക്കളാണു പങ്കെടുത്തത്. 10 ദിവസത്തെ റാലിയില്‍ പങ്കെടുത്ത യുവാക്കള്‍ രാജ്യത്തിനുവേണ്ടി സേവനം നടത്താനുളള സന്നദ്ധത അറിയിച്ചെന്നു സേന. 4000 പേര്‍ പ്രാഥമിക ശാരീരിക പരിശോധനയില്‍ വിജയിച്ചു.