രാഷ്ട്രീയം തലയ്ക്കു പിടിച്ച കേരളത്തിലെ ഭരണാധികാരികള്‍ തൊട്ട്, കുഴികുത്തി കൊടി കെട്ടുന്ന സാധാരണക്കാരന് വരെ അധികാര രാഷ്ട്രീയത്തിന്റെ പിന്നാലെ പായുമ്പോള്‍ കേരളത്തിലെ സമാധാന അന്തരീക്ഷം അരക്ഷിതാവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സ്ഥിതി. രാഷ്ട്രീയം പറഞ്ഞില്ലെങ്കില്‍ ആഭ്യന്തര സോഷ്യല്‍ മീഡിയാ ബുള്ളിയിംഗില്പ്പെട്ട് ഒറ്റപ്പെടും. വാക്കും നാക്കും വരെ കൊലയാളികളുടെ രൂപത്തില്‍ മാറിക്കഴിഞ്ഞു. പാര്‍ട്ടി മാറിയാല്‍ ജീവിക്കാനാവില്ല. പാര്‍ട്ടിക്കുള്ളിലെ പുഴുക്കുത്തുകളെ കുറിച്ച് ആത്മകഥയില്‍ പരാമര്‍ശിച്ചാല്‍ ജീവിക്കാനാവില്ല. പോലീസ് യൂണിഫോമില്‍ രാഷ്ട്രീയം പറഞ്ഞ് തൃശൂര്‍ പൂരം പോലുള്ള വലിയ ആഘോഷങ്ങളില്‍ വിഷം കലക്കിയില്ലെങ്കിലൊക്കെ കേരളത്തില്‍ ജീവിക്കാന്‍ പാടാണെന്നു പഠിപ്പിക്കുന്നു.
ഇതിനിടയിലാണ് സാധാരണ മനുഷ്യരുടെ ഇടയിലേക്ക് അസാധാരണത്വമുള്ള കൊള്ളക്കാര്‍ ആയുധങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ മനുഷ്യരുടെ മുഖത്തു നോക്കി രാഷ്ട്രീയം പറഞ്ഞ് പച്ചക്ക് പറ്റിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, രാത്രിയില്‍ ശരീരമാസകലം എണ്ണയും തേച്ചട് പിടിപ്പിച്ച്, ആയുധങ്ങളുമായി മോഷണത്തിനിറങ്ങുന്ന മോഷ്ടാക്കളെയും ഇനി ഭയക്കേണ്ടി വരുന്ന ഗതികെട്ട കാലത്തിലൂടെയാണ് മലയാളികള്‍ പോകുന്നത്. വളരെ അപകടകാരികളായ കുറുവ സംഘം, കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് കുറുവ മോഷണ സംഘത്തിന്റെ സാഹസികവും പൈശാചികവുമായ മോഷണ പരമ്പരകളെ കുറിച്ചാണ്.
ആലപ്പുഴയിലെ മോഷണക്കേസില്‍ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ സംഘം ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായി. കൈവിലങ്ങോടെ നഗ്നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കീഴ്പ്പെടുത്തിയത്. കേരളത്തിന്റെ രാത്രികാലങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി മോഷണം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാളികള്‍ തിരയുന്ന ഒരു കാര്യമുണ്ട്. ആരാണ് കുറുവ സംഘമെന്ന്. എവിടെയാണ് ഇവരുടെ ദേശമെന്ന്. എന്താണ് ഇവരുടെ ലക്ഷ്യമെന്ന്. ഉത്തരമുള്ളതും ഇല്ലാത്തതുമായ ചോദ്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഓരോ മനസ്സുകളും. സ്വന്തം വീടിന്റെ ഉമ്മറത്തും, ടെറസിലും, മതിലിലുമൊക്കെ, എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാമെന്ന സാഹചര്യമുള്ളപ്പോള്‍ കുറുവ സംഘത്തെക്കുറിച്ചുള്ള അന്വേഷണം സ്വാഭാവികം.
ആരാണ് കുറുവ സംഘം ?
തമിഴ്നാട്ടിലുള്ള തിരുട്ടുഗ്രാമങ്ങളിലെ അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവ സംഘം. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘമെന്ന അര്‍ത്ഥത്തില്‍ തമിഴ്നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘമെന്ന പേര് ഇവര്‍ക്ക് നല്‍കിയത്. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത് റാംജി നഗറാണ് പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്ന് വിളിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തിലുള്ളവര്‍ ഒരേ ഗ്രാമക്കാരല്ല. തമിഴ്നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങളുണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലെ അംഗങ്ങളാണ്. ഏതിരുട്ടിലും ഒളിച്ചിരിക്കും. വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും, ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അര്‍ധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്.
ഒന്നോ രണ്ടോ പേരല്ല, നൂറോളം പേരുള്ള കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണീ സംഘം. എന്നാല്‍, മോഷ്ടിക്കാന്‍ പോകുന്നത് പലപ്പോഴും മൂന്ന് പേരുള്ള സംഘങ്ങളായിട്ടാകും. പതിനെട്ടുവയസു മുതല്‍ 60 വയസ് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. മോഷണം ഇവരുടെ കുലത്തൊഴിലാണ്. അവര്‍ക്ക് അതൊരു തെറ്റല്ല. മോഷണത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന് തമിഴ്നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും കാര്യമുണ്ടായില്ല. പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണ തന്ത്രങ്ങളും മെയ്ക്കരുത്തും ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷ്മമായ ഉപയോഗവുമെല്ലാമാണ് ഇവരെ ശക്തരാക്കുന്നത്. പകല്‍ ആക്രിപെറുക്കല്‍, തുണി വില്ക്കല് പോലെ ചെറിയ ജോലിയൊക്കെ ചെയ്ത് നടക്കും. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നത്. രാത്രിയാണ് മോഷണം.
മോഷണ തന്ത്രങ്ങള്‍ ?
മോഷ്ടിക്കാന്‍ പോകുന്നതിനും ചില രീതികളുണ്ട്. കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം നന്നായി കെട്ടും. ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും കരിയും തേയ്ച്ചു പിടിപ്പിക്കും. ഇതിനെല്ലാം പുറമെ കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടാകും. മോഷണശ്രമത്തിനിടെ പിടിക്കപ്പെടും എന്നുറപ്പായാല്‍ ആക്രമിക്കും. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിക്കില്ല. തമിഴ്നാടന്‍ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്നാണ് പോലീസ് പറയുന്നത്.
വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് ഇതു തകര്‍ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വഴി കുട്ടികളുടെ കരച്ചില് പോലുള്ള ശബ്ദം ഉണ്ടാക്കിയോ ടാപ്പ് തുറന്നുവിട്ടോ വീട്ടുകാരെ പുറത്തേക്കിറക്കുന്നതാണ്. അങ്ങനെ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കാറുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവര്‍ക്കുണ്ട്.
സംഘം പോലീസ് പിടിയിലായിട്ടുണ്ടോ ?
2021ല്‍ കുറുവാ സംഘത്തില്‍പ്പെട്ട മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2010ല്‍ മലപ്പുറത്തു നിന്നും മൂന്നുപേരടങ്ങുന്ന സംഘത്തെയും 2008ല്‍ പാലക്കാട് നിന്നും 10 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ജാമ്യത്തില്‍വിട്ട ഇവരെ പിന്നീട് പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ തിരുട്ട്ഗ്രാമങ്ങളില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി. തമിഴ്നാട്ടുകാരാണെങ്കിലും കേരള തമിഴ്നാട് അതിര്‍ത്തിയും കമ്പം, ബോഡിനായ്ക്കന്നൂര്‍, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവയുമൊക്കെ ഇവരുടെ താവളങ്ങളാണ്. ആദ്യം പാലക്കാടും പിന്നെ കോഴിക്കോടുമായി കേരളത്തില്‍ പലയിടത്തും നേരത്തെയും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതു കൊണ്ടാണ് കേരളം ഇവര്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
ഇപ്പോള്‍ പിടിയിലായതെങ്ങനെ ?
എറണാകുളം കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെ നിന്നു ശനിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് അതി സാഹസികമായാണ് കുറുവാസംഘത്തിലെ ഒരാളെ പിടികൂടിയത്. തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ സന്തോഷ് ശെല്‍വത്തെയാണ് പിടികൂടിയത്. ഇയാളാണ് ജില്ലയിലെ രണ്ടു മോഷണക്കേസിലെയും പ്രതിയെന്നു പോലീസ് സ്ഥിരീകരിച്ചു. സന്തോഷ് ശെല്‍വം നെഞ്ചില്‍ പച്ച കുത്തിയത് ഭാര്യയുടെ പേരായിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ക്യാമറകളില്‍ ടാറ്റു കണ്ടിരുന്നു. അത് ജ്യോതിയുടേതായിരുന്നു. സന്തോഷിനെ പിടികൂടിയപ്പോള്‍ ആദ്യം നോക്കിയതു നെഞ്ചിലാണ്. അവിടേയും ടാറ്റു ഉണ്ടായിരുന്നു. ഭാര്യാ സ്നേഹമാണ് കള്ളനെ കുടുക്കിയത്.
അതിനിടെ കുറുവ സംഘത്തിലുള്ളവര്‍ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ പൊലീസിനു ലഭിച്ചിരുന്നു. ‘ഫിറ്റ്നെസി’ന്റെ കാര്യത്തില്‍ ഇവര്‍ കണിശക്കാരാണ്. മോഷണത്തെ എതിര്‍ക്കുന്നവരെ വേണ്ടിവന്നാല്‍ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവര്‍ പരിശീലനം നേടുന്നുണ്ട്. ഇത്തരം പരിശീലനം കുണ്ടന്നൂരിലും നടന്നിരുന്നു. അടിച്ചുപൊളി ജീവിതമാണ് ഇവരുടേത്. എന്നാല്‍ ഏത് സാഹചര്യത്തിലും താമസിക്കുകയും ചെയ്യും. ഇപ്പോള്‍ പിടിയിലായ സന്തോഷ് ശെല്‍വം മോഷണത്തില്‍ വലിയ വിരുതനാണെന്ന് പോലീസ് പറയുന്നുണ്ട്.
ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം മോഷണം നടത്തി വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന് കയറി. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.
സന്തോഷ് ശെല്‍വം തന്നെയാണു മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയതെന്ന് ഉറപ്പിക്കാന്‍ പൊലീസ് അയാളെ വീണ്ടും മോഷണസമയത്തെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു പരിശോധിച്ചു. ഒക്ടോബര്‍ 29ന് മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മോഷണശ്രമം നടന്ന വീട്ടിലാണ് ഇതിനായി പൊലീസ് സന്തോഷിനെ എത്തിച്ചത്. മോഷണസമയത്തു ധരിച്ച രീതിയില്‍ വസ്ത്രം ധരിപ്പിച്ചു വീട്ടുകാരെ കാണിച്ച് ഉറപ്പു വരുത്തി. ഉല്ലാസയാത്രയ്ക്കും മറ്റും ഇവരുടെ പക്കല്‍ പണമുണ്ട്. കേരളത്തിലെത്തി വഴിവക്കില്‍ താമസിക്കുന്ന ഇവര്‍ക്കു തമിഴ്നാട്ടില്‍ വലിയ വീടുകളും സൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവര്‍ഷം ആഘോഷിക്കാന്‍ സംഘം കുടുംബസമേതം ആലപ്പുഴ ബീച്ചിലും മറ്റും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സൗത്ത് പൊലീസ് സ്റ്റേഷനു സമീപം കനാല്‍ക്കരയില്‍ സ്ഥാപിച്ച ‘ഐ ലവ് ആലപ്പുഴ’ എന്ന ബോര്‍ഡിനടുത്തു നിന്നു മുന്‍പു സന്തോഷ് ശെല്‍വം ചിത്രം പകര്‍ത്തി വാട്സാപ്പില്‍ ഡിസ്പ്ലേ പിക്ചറാക്കിയിരുന്നു.
പോലീസിന്റെ തന്ത്രപരമായ നീക്കം ?
കുറുവ സംഘത്തില്‍ നിന്നു പിരിഞ്ഞ മുന്‍ മോഷ്ടാക്കളെയും പോലീസ് അന്വേഷണത്തില്‍ ആശ്രയിച്ചു. പാലായിലെ മോഷണക്കേസില്‍ പ്രതിയായ ഒരാളില്‍ നിന്നാണ് കൂടുതല്‍ വിവരം കിട്ടിയത്. മോഷണം നിര്‍ത്തി നല്ല നടപ്പിലായിരുന്നു ഇയാള്‍. ആദ്യം സന്തോഷിന്റെ പഴയ മൊബൈല്‍ നമ്പറും പിന്നാലെ ഇപ്പോഴത്തെ നമ്പറും കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ കുണ്ടന്നൂരിലാണെന്ന് കണ്ടെത്തി. മണ്ണഞ്ചേരി പൊലീസ് വേഷം മാറി 4 ദിവസമാണ് കുണ്ടന്നൂര്‍ പാലത്തിനടിയിലെ സംഘത്തെ നിരീക്ഷിച്ചത്. ശനിയാഴ്ച വൈകിട്ടു പാലത്തിനു താഴെയെത്തി അവിടെ കൂടാരമുണ്ടാക്കി താമസിക്കുന്നവരെ ചോദ്യം ചെയ്ത ശേഷം സന്തോഷിനെയും മണികണ്ഠനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതോടെ സംഘത്തിലെ സ്ത്രീകള്‍ അസഭ്യം പറഞ്ഞ് പൊട്ടിത്തെറിച്ച് കൊണ്ട് പൊലീസിനെ വളഞ്ഞു. ഈ തക്കം നോക്കി സന്തോഷ് കടന്നു കളഞ്ഞു. തവളയെപ്പോലെ രണ്ടു ചാട്ടം ചാടി ഇയാള്‍ അടുത്തുള്ള തോട്ടിലെത്തുന്നതു കണ്ട് പൊലീസ് ഞെട്ടി. സന്തോഷ് ഒളിച്ചിരുന്നത് ഒരു കുഴിയിലാണ്. പകല്‍ മീന്‍പിടിത്തവും രാത്രി മോഷണവുമാണ് സന്തോഷിന്റെ രീതി. താമസിക്കുന്നതു ഭാര്യയും മക്കളും ബന്ധുക്കളുമൊത്തായിരുന്നു.
പോലീസിന്റെ നിര്‍ദ്ദേശം ?
കുറുവാ സംഘത്തിന്റെ മോഷണ സാഹചര്യത്തില്‍, ഭയം വേണ്ട ജാഗ്രത മതിയെന്നാണ് പോലീസ് പറയുന്നത്. രാത്രിയില്‍ അടുക്കള വാതില്‍ അടച്ചെന്നും ഉറപ്പാക്കണം,അസമയത്ത് എന്തെങ്കിലും തരത്തിലുള്ള ശബ്ദം കേട്ടാല്‍ തനിച്ച് വാതില്‍ തുറന്ന്പുറത്തിറങ്ങരുത്,ഈ വിവരം പോലീസിനെ അറിയിക്കണം. വീടിന്റെ പരിസരങ്ങളില്‍ വേണ്ടത്ര വെളിച്ചം ഉണ്ടെന്നും ഉറപ്പാക്കണം എന്നിവയാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. കുറുവ സംഘത്തെ കണ്ടെത്താന്‍ കേരളം മുഴുവന്‍ പോലീസ് വലവീശും. പല സംഘങ്ങള്‍ കേരളത്തിലെ പല ജില്ലകളിലുമുണ്ടെന്നാണ് പോലീസ് തിരിച്ചറിയുന്നത്. അതിനിടെ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കുറുവ സംഘത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കും. തമിഴ്നാട് പോലീസുമായി ആശയ വിനിമയം നടത്തി സംയുക്ത ഓപ്പറേഷനും സാധ്യത തേടും. അലഞ്ഞു നടക്കുന്ന ആളുകളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ടെന്റ് കെട്ടി താമസിക്കുന്നവരുടെ ചലനവും പരിശോധിക്കും.
CONTENT HIGHLIGHTS; Who is the Kurua gang that steals blood and steals?: Tamil Nadu police’s daily headache has now disturbed Kerala’s sleep; Police with caution