മലബാറിൻ്റെ പെരുമയോടെ തിളങ്ങുന്ന പലഹാരങ്ങളിൽ ഒന്നാണ് കായ്പോള. കാഴ്ചയിൽ കേക്ക് എന്ന് തോന്നുമെങ്കിലും അതിലും രുചികരമാണ്. ആവിയിൽ വേവിച്ചെടുക്കുന്ന ആരോഗ്യപ്രദമായ പലഹാരമാണിത്. നേന്ത്രപ്പഴവും മുട്ടയുമാണ് പ്രധാന ചേരുവകൾ. ഇനി ചായക്കൊപ്പം കായ്പോള കഴിക്കാം, മതിവരുവോളം.
ചേരുവകൾ
പഴം- 2
മുട്ട- 4
പഞ്ചസാര- 4 ടേബിൾസ്പൂൺ
ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
പാല്- 2 ടേബിൾ സ്പൂൺ
നെയ്യ്- 2 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വറുത്ത് മാറ്റാം. ബാക്കി വന്ന നെയ്യിലേക്ക് പഴം അരിഞ്ഞു വച്ചത് ചേർത്ത് വേവിക്കാം. ഒരു മുട്ട പൊട്ടിച്ചതിലേക്ക്, അൽപ്പം ഉപ്പും, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, രണ്ട് രണ്ട് ടേബിൾസ്പൂൺ പാലും ഒഴിച്ച് നന്നായി പതഞ്ഞ് വരുന്നതു വരെ അരച്ചെടുക്കാം. വേവിച്ചെടുത്ത പഴത്തിലേക്ക് അരച്ചെടുത്ത മുട്ട ചേർക്കാം. അതിലേക്ക് അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി യോജിപ്പിക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിനു മുകളിലായി മുട്ടയും പഴവും ചേർത്ത മിശ്രിതത്തിൻ്റെ പാത്രം വയ്ക്കുക. അത് അടച്ചു വച്ച് 25 മിനിറ്റോളം കുറഞ്ഞ തീയിൽ വേവിക്കാം. ഇരുവശങ്ങളും വേവിച്ചെടുത്ത കായ്പോള, തണുത്തതിനു ശേഷം മുറിച്ച് കഴിക്കാം.