ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ – ബംഗളൂരു രാജധാനി എക്സ്പ്രസ് ഞായറാഴ്ച രാവിലെ 5.30 നാണ് പുറപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ബിജെപി നേതാവും മുന്‍ ഐപിഎസ് ഓഫീസറുമായ ഭാസ്കര്‍ റാവു.
ഇന്ത്യന്‍ റെയില്‍വേയുടെ ആശയവിനിമയത്തിന്റെ അഭാവത്തെക്കുറിച്ചും യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയര്‍ ഒറ്റരാത്രി മുഴുവന്‍ പ്ലാറ്റ്ഫോമില്‍ ഒറ്റപ്പെട്ടുപോയതിലുമാണ് ഭാസ്കര്‍ റാവു നിരാശ പ്രകടിപ്പിച്ചത്. ശരിയായ ആശയവിനിമയമോ സൗകര്യമോ ഇല്ലാതെ യാത്രക്കാര്‍ തുടര്‍ച്ചയായി ഇത്തരം കാലതാമസത്തിന് വിധേയരാകുന്നത് എന്തുകൊണ്ടാണെന്ന് റാവു ചോദിച്ചു.
‘ഞങ്ങള്‍ നിങ്ങളെ വളരെയധികം വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ഞങ്ങളെ നിഷ്കരുണം ശിക്ഷിക്കുന്നത്? – ഭാസ്കര്‍ റാവു എക്സിലൂടെ പ്രതികരിച്ചു. ഒരു ട്രെയിന്‍ വൈകി ഓടുന്നതാണ് കാലതാമസത്തിന് കാരണമായത്. എന്നാല്‍ അപ്ഡേറ്റുകള് നല്‍കാനോ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാനോ റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല.
പല രാജ്യങ്ങളിലും, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ കാലതാമസം വന്നാല്‍ റീഫണ്ട് അല്ലെങ്കില്‍ സൗജന്യ യാത്ര ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം രീതികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തയാറാകണം. ഇത്തരം പ്രശ്നങ്ങള്‍ വരുന്നതിനുള്ള അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പകരം ബാഹ്യ ഘടകങ്ങളെ നിരന്തരം കുറ്റപ്പെടുത്തുന്ന റെയില്‍വേ ഉദ്യോഗസ്ഥരെ അദ്ദേഹം വിമര്‍ശിച്ചു.