Kerala

മുനമ്പം വഖഫ് ഭൂമി തർക്കം; ബിഷപ്പുമായി ചർച്ച നടത്തി സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും – munambam land issue muslim league leaders reach varappuzha archdiocese

മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്തെത്തി അ‌തിരൂപത അ‌ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും. അ‌തിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചയ്ക്കെത്തി. മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ പരിഹാരം കാണാൻ മുന്നോട്ടുവന്നില്ലെങ്കിൽ മുസ്ലിം ലീഗ് അ‌ത്തരം ചർച്ചകളിലേക്ക് കടക്കുമെന്ന് പാർട്ടി നേതാക്കൾ നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലീഗ് നേതാക്കൾ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയത്.

അ‌തിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും. അ‌തേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം 22നാണ് സംസ്ഥാന സർക്കാർ മുനമ്പം വിഷയം ചർച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സർക്കാർ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചിരുന്നു.

സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നത്. മാനുഷിക പ്രശ്‌നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്‌നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാലാണ്, സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളേജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തിപോകേണ്ടത്. 600-ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

STORY HIGHLIGHT: munambam land issue muslim league leaders reach varappuzha archdiocese