India

സ്വന്തം ഇരട്ടക്കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല; ആളിപ്പടരുന്ന തീ വകവെയ്ക്കാതെ യുവാവ് രക്ഷിച്ചത് 7 കുഞ്ഞുങ്ങളെ – UP hero saved 7 infants in Jhansi hospital fire, but lost his twin daughters

അച്ഛനെന്ന നിലയിൽ താൻ അനുഭവിച്ച നിസ്സഹായത ഓർത്ത് ഇനിയുള്ള കാലം നീറിക്കഴിയേണ്ടി വരുമെന്ന് യാക്കൂബ് പറഞ്ഞു

ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീ ആളിപ്പടർന്നപ്പോൾ യാക്കൂബ് മൻസൂരി എന്ന യുവാവ് രക്ഷിച്ചത് ഏഴ് കുഞ്ഞുങ്ങളെ. തീപിടിത്തത്തിൽ യാക്കൂബിന്‍റെ ഇരട്ടക്കുഞ്ഞുങ്ങൾ വെന്തുമരിച്ചു. അച്ഛനെന്ന നിലയിൽ താൻ അനുഭവിച്ച നിസ്സഹായത ഓർത്ത് ഇനിയുള്ള കാലം നീറിക്കഴിയേണ്ടി വരുമെന്ന് യാക്കൂബ് പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രി ഝാൻസി മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് ഉറങ്ങുകയായിരുന്നു യാക്കൂബ് മൻസൂരി. പെട്ടെന്നാണ് കുഞ്ഞുങ്ങളുടെ ഐസിയുവിൽ തീ ആളിപ്പരുന്നത് കണ്ടത്. സ്വന്തം സുരക്ഷയൊന്നും നോക്കാതെ ജനൽ തകർത്ത് ഉള്ളിൽ പ്രവേശിച്ച് കയ്യിൽ കിട്ടിയ കുഞ്ഞുങ്ങളുമായി യാക്കൂബ് പുറത്തേക്ക് ഓടി. അങ്ങനെ ഏഴ് കുഞ്ഞുങ്ങളെ അദ്ദേഹം പുറത്തെത്തിച്ചു. എന്നാൽ യാക്കൂബ് രക്ഷിച്ച കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്‍റെ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. അടുത്ത ദിവസമാണ് കുഞ്ഞുങ്ങളുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

10 കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐസിയുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയതെന്ന് യു പി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. തീപിടിത്ത സമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് ദൃക്സാക്ഷികളും വ്യക്തമാക്കുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ഐ സി യുവില്‍ തീപിടിത്തമുണ്ടായത്. 54 കുഞ്ഞുങ്ങളാണ് ഐ സി യുവില്‍ ഉണ്ടായിരുന്നത്. 10 കുഞ്ഞുങ്ങൾ തീപിടിത്തത്തില്‍ വെന്തുമരിച്ചു. 16 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ യുപി സര്‍ക്കാര്‍ നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

STORY HIGHLIGHT: UP hero saved 7 infants in Jhansi hospital fire, but lost his twin daughters