Kerala

സന്നിധാനത്ത് തീർഥാടകരുടെ സുരക്ഷയ്ക്കായി പോലീസിന്റെ പ്രത്യേക സംഘം – sabarimala pilgrimage enhanced security measures

തീർഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പോലീസ് സ്‌ക്വാഡിനെ നിയോഗിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്ന് ശബരിമല സന്നിധാനം പോലീസ് സ്‌പെഷൽ ഓഫിസർ കെ.ഇ.ബൈജൂ അറിയിച്ചു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പോലീസ് സ്‌പെഷൽ ഓഫിസർ പറഞ്ഞു.

പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണിത്തവണ റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പൊലീസിനെ അറിയിക്കണം. അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള സംവിധാനം സന്നിധാനത്തെ പൊലീസ് സ്റ്റേഷനിൽ ഉണ്ട്. ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉൾപ്പെടെയുള്ള ഭാഗത്ത് പൊലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.

STORY HIGHLIGHT: sabarimala pilgrimage enhanced security measures