India

മണിപ്പൂർ കലാപം, ബിജെപിയിലും പൊട്ടിത്തെറി; ജിരിബാമില്‍ ബിജെപി നേതാക്കളുടെ കൂട്ടരാജി – Manipur Violence Sparks Mass Resignation Among BJP Leaders

മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കൾ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് ബിജെപി നേതൃത്വത്തിൽ നിന്നും കൂട്ടരാജിവെച്ചത്. മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയാണുള്ളതെന്നും നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി നേതാക്കള്‍ കൂട്ടമായി രാജിവെച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കയച്ച കത്തില്‍ ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു എന്‍പിപി ഉന്നയിച്ചിരുന്നത്. നിലവിലെ മണിപ്പൂരിന്റെ അവസ്ഥയില്‍ വളരെ ആശങ്കയുണ്ടെന്നും, സംഘര്‍ഷം തടയുന്നതിലും കലാപന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേന്‍ സിങ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും എന്‍പിപി കത്തിലൂടെ ആരോപിച്ചിരുന്നു.

മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം കലാപം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തുടർന്ന് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇംഫാലിലെ സ്വകാര്യ വസതിക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ നിരവധി ടയറുകളാണ് കത്തിച്ചത്. മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അലംഭാവ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.

STORY HIGHLIGHT: Manipur Violence Sparks Mass Resignation Among BJP Leaders