Kerala

കാറിടിച്ച് കെഎസ്ആർടിസി ബസിന്റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ച സംഭവം; വിശദീകരണവുമായി ഗതാഗത മന്ത്രി – transport minister kb ganesh kumar explain about ksrtc bus and car accident

കൊട്ടാരക്കരയിൽ കാറിടിച്ച് കെഎസ്ആർടിസി ബസിന്റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ച സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഇടിയുടെ ശക്തി മുഴുവൻ ടയറിനാണ് കൊണ്ടത്, ബസിന് മറ്റു തകരാറുകളില്ലെന്നും ബസിന്റെ ടയറിലേക്ക് കാർ ഇടിച്ച് കയറിയതാണ് ടയർ ഇളകാൻ കാരണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

വളവിൽ അമിത വേഗതയിലാണ് കാർ വന്നതെന്ന് കെഎസ്ആർടിസി ബസിന്റെ കണ്ടക്ടർ വിനോദ് പറഞ്ഞു. ‘വളവിൽ വച്ച് കാർ അമിതവേഗത്തിലാണ് വന്നത്. കാറിന്റെ വേഗത കണ്ട് ഡ്രൈവർ ബസിന്റെ മുൻഭാഗം അൽപം വെട്ടിച്ചു. കാറിന്റെ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്ററിലാണ് ചവിട്ടിയതെന്ന് തോന്നുന്നു. ഇടിക്ക് തൊട്ടുമുൻപ് കാറിന്റെ വേഗത വളരെ കൂടുതലായിരുന്നു. മൂന്നു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കുകളില്ല’ കണ്ടക്ടർ വിനോദ് പറഞ്ഞു.

കാറിന്റെ മുൻവശത്തെ ടയറും അപകടത്തിനിടെ ഊരിത്തെറിച്ചു. അപകടത്തിൽ കാറോടിച്ചിരുന്ന ഇളമ്പൽ സ്വദേശി ആബേൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിനുണ്ടായ നഷ്ട പരിഹാരം കാർ ഉടമ നൽകണമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ഇല്ലെങ്കിൽ കേസ് നൽകുമെന്നും അധികൃതർ അറിയിച്ചു.

STORY HIGHLIGHT: transport minister kb ganesh kumar explain about ksrtc bus and car accident