ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പിന്നാലെ ബാങ്കിന്റെ വിവിധ ശാഖകളിൽനിന്നു നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നു. പാറോപ്പടി ബ്രാഞ്ചില്‍നിന്ന് 60 ലക്ഷവും ചേവായൂര്‍ ബാങ്ക് ഹെഡ് ഓഫിസില്‍നിന്ന് ഒരു കോടി രൂപയും പിന്‍വലിക്കണമെന്ന ആവശ്യവുമായി നിക്ഷേപകരെത്തി. മറ്റു ബ്രാഞ്ചുകളിലും പണം പിൻവലിക്കുകയാണെന്നറിയിച്ച് നിരവധിപ്പേർ എത്തിയിട്ടുണ്ട്.
ജനാധിപത്യവിരുദ്ധമായ തിരഞ്ഞെടുപ്പാണെന്നും ഫലം അംഗീകരിക്കില്ലെന്നും കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്നാൽ പാർട്ടി ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. പാർട്ടിയുടെ ആഹ്വാനം ഇല്ലാതെയാണ് നിരവധി നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയതെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നാളെ ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും അക്രമത്തിനും പൊലീസ് ഒത്താശ ചെയ്തുവെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. പോളിങ് ഏജന്റുമാരെ വരെ അകത്തേക്കു കടക്കാൻ സമ്മതിച്ചില്ല. കൂടാതെ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗത്തിന്റെ വോട്ടു പോലും കള്ളവോട്ടു ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അക്രമങ്ങൾ നടക്കുമ്പോൾ എസിപിയുടെ നേതൃത്വത്തിൽ പൊലീസുകാർ നിഷ്ക്രിയരായി നോക്കിനിന്നു. അതിക്രമമുണ്ടായപ്പോൾ പൊലീസ് ശ്രമിച്ചത് വോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കാതെ തിരിച്ചുവിടാനാണ്. കള്ളവോട്ടു ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ തയാറായില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
STORY HIGHLIGHT: chevayur bank election dispute money withdrawal