Kerala

സംസ്ഥാനത്ത് പുതിയ 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍; തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തില്‍ കരട് വിജ്ഞാപനമായി – delimitation commission issues draft notification on ward allotment

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തില്‍ കരട് വിജ്ഞാപനമായി. ഗ്രാമപഞ്ചായത്തില്‍ 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴ് പുതിയ വാര്‍ഡുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും സമര്‍പ്പിക്കാം. നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്.

കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്ടിയും തുക ഈടാക്കി നല്‍കും.

ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമെങ്കില്‍ പരാതിക്കാരില്‍ നിന്ന് നേരിട്ട് വിവരശേഖരണം നടത്തും. ജില്ലാ കളക്ടര്‍ വ്യക്തമായ ശുപാര്‍ശകളോടു കൂടി ഡീലിമിറ്റേഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ പരാതിക്കാരെ നേരില്‍ കേട്ട് കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കും. അതിന് ശേഷം ആദ്യഘട്ട വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

STORY HIGHLIGHT: delimitation commission issues draft notification on ward allotment