Kerala

ദൃശ്യം മോഡല്‍ കൊലപാതകം… യുവതിയെ കൊലപ്പെടുത്തി നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടിയെന്ന് സുഹൃത്ത്; യുവതിയുടെ ഫോണ്‍ പ്രതി എറണാകുളത്ത് എത്തി കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇട്ടു

കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് ദൃശ്യം സിനിമാ സ്റ്റൈലില്‍. അമ്പലപ്പുഴയിലാണ് യുവതിയെ കുഴിച്ചുമൂടിയതെന്നാണ് വിവരം. അമ്പലപ്പുഴ കരൂരില്‍ പോലീസ് തെരച്ചില്‍ നടത്തുന്നു. 48 കാരി വിജയലക്ഷ്മി എന്ന യുവതിയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തായ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ്  കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ മാസം ആറിനായിരുന്നു കരുനാഗപ്പള്ളിയില്‍ നിന്നും വിജയലക്ഷ്മിയെ കാണാതായത്. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിട്ടു. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍  നവംബര്‍ ആറ് മുതല്‍ വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാണിച്ച് 13-ാം തീയതി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.  അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.

കൊന്ന് കുഴിച്ചുമൂടിയെന്ന് ജയചന്ദ്രന്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും കിട്ടിയ മൊബൈലാണ് സംഭവത്തിലേക്ക് വെളിച്ചം വീശിയത്. കൊല ചെയ്ത ശേഷം വിജയലക്ഷ്മിയുടെ ഫോണ്‍ ജയചന്ദ്രന്‍ എറണാകുളത്ത് എത്തി കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇട്ടു. സ്വിച്ച് ഓഫ് ആയ ഫോണ്‍ കണ്ടെത്തിയ ഡ്രൈവര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൊടുത്തു.

ഫോണിന്റെ ലൊക്കേഷനും കോള്‍ലിസ്റ്റും പരിശോധിച്ച പോലീസ് ജയചന്ദ്രനിലേക്ക് എത്തുകയായിരുന്നു. വിജയലക്ഷ്മി തീര്‍ത്ഥാടനത്തിന് പോയി എന്നായിരുന്നു കരുതിയിരുന്നതെന്ന് സഹോദരന്‍ പറഞ്ഞു. വിജയലക്ഷ്മിക്കും ജയചന്ദ്രനും അടുപ്പമുണ്ടായിരുന്നതായിട്ടാണ് സൂചനകള്‍. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദൃക്സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിജയലക്ഷ്മി വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. രാവിലെ പോലീസാണ് കൊലപാതക വിവരം വിളിച്ച് വീട്ടില്‍ പറഞ്ഞത്.