മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി ശരദ് പവാര്‍ പക്ഷത്തെ പ്രമുഖ നേതാവുമായ അനില്‍ ദേശ്മുഖിനുനേരെ നാഗ്പുരില്‍ കല്ലെറിഞ്ഞ് ആക്രമികള്‍. തിങ്കള്‍ രാത്രി തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞുമടങ്ങവേ കാടോള്‍– ജലാല്‍ഖേഡ റോഡില്‍ ബെല്‍ഫാറ്റയില്‍വച്ച് അദ്ദേഹത്തിന്റെ കാറിനുനേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അനില്‍ ദേശ്മുഖിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നു.
ബുധനാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ പാര്‍ടി നേതാവിനുനേരെ ആക്രമണമുണ്ടായത്. കട്ടോള്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആരോപിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അനില്‍ ദേശ്മുഖിന്റെ മകന്‍ സലില്‍ ദേശ്മുഖാണ് കാടോള്‍ മണ്ഡലത്തിലെ എന്‍സിപി സ്ഥാനാര്‍ഥി.