India

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാര്‍മറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാര്‍മറും ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു.

ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ച ഇരു നേതാക്കളും സമ്പദ്വ്യവസ്ഥ, വ്യാപാരം, പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍, ഗവേക്ഷണം, നൂതനത സംരംഭങ്ങള്‍ , ഹരിത ധനകാര്യം, ജനങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ-യുകെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അവര്‍ത്തിച്ചുറപ്പിച്ചു. പ്രാദേശിക അന്തര്‍ദേശീയ പ്രാധാന്യവുമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ അവര്‍ വീക്ഷണങ്ങള്‍ കൈമാറി.

സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ എത്രയും വേഗം പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിടുകയും, സന്തുലിതവും പരസ്പര പ്രയോജനകരവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതുമായ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ രൂപീകരിക്കുന്നതില്‍ ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ സംതൃപ്തമായി പരിഹരിക്കാനുള്ള ചര്‍ച്ചാ സംഘങ്ങളുടെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

വളര്‍ന്നുവരുന്ന ഉഭയകക്ഷി സാമ്പത്തിക, ബിസിനസ് ബന്ധങ്ങളുടെ വെളിച്ചത്തിലും യു കെ യിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നയതന്ത്ര ആവശ്യകതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയും ഇരു രജ്ജ്യങ്ങളും തമ്മില്‍ കൂടുതല്‍ ഇടപഴകാനുള്ള സാധ്യതകള്‍ മനസ്സിലാക്കി, ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും രണ്ട് പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ സ്വാഗതം ചെയ്തു.

യുകെയിലെ ഇന്ത്യയില്‍ നിന്നുള്ള സാമ്പത്തിക കുറ്റവാളികളുടെ പ്രശ്നം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുടിയേറ്റവും സഞ്ചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുരോഗതി കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും അംഗീകരിച്ചു.

ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായ വിവിധ ഉടമ്പടികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും തങ്ങളുടെ മന്ത്രിമാരോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു. നിരന്തര സംവാദങ്ങളും ചര്‍ച്ചകളും ഉണ്ടാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.