Kerala

കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. കേസിലെ പ്രതി ജയചന്ദ്രന്റെ അമ്പലപ്പുഴ കരൂരിലെ വീടിന് സമീപത്ത് നിന്നുമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഈ മാസം 7 മുതല്‍ കാണാതായ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തെന്ന് സംശയിക്കുന്ന ജയചന്ദ്രനാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്്. സഹോദരി തീര്‍ത്ഥാടനത്തിന് പോയി എന്നായിരുന്നു കരുതിയിരുന്നതെന്ന് വിജയലക്ഷ്മിയുടെ കുടുംബം ധരിച്ചിരുന്നത്.

യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് ജയചന്ദ്രന്‍ പോലീസിനോട് സമ്മതിച്ചു. സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും കൃത്യം നടത്തിയ ശേഷം വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കാണാതായ വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും കിട്ടിയതാണ് കേസില്‍ നിര്‍ണായകമായത്.

കൊലപ്പെടുത്തിയ ശേഷം ജയചന്ദ്രന്‍ വിജയലക്ഷ്മിയുടെ ഫോണ്‍ ബസില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സ്റ്റേഷനില്‍ കൈമാറുകയായിരുന്നു. ഫോണിലെ കോള്‍ ലിസ്റ്റും ലൊക്കേഷനും ചില സാക്ഷിമൊഴികളും പരിശോധിച്ച പോലീസ് ജയചന്ദ്രനിലേക്ക് എത്തിച്ചേരുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് തനിച്ചു താമസിക്കുകയായിരുന്നു വിജയലക്ഷ്മി. പ്രതിയുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പോകാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്. രാത്രിയില്‍ ജയചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍കോളിനെ തുടര്‍ന്നുണ്ടായ സംശയം വഴക്കാകുകയും ഒരു പ്ളെയര്‍ ഉപയോഗിച്ച് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ കൊലപ്പെടുത്തുകയുമായിരുന്നു.

Latest News