വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി മുരളീധരന്റെ വിശകലനം യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് പറഞ്ഞു. ഉരുള്‍പൊട്ടല്‍ എത്ര വാര്‍ഡിനെ ബാധിച്ചു എന്നതല്ല പ്രശ്നം. ദുരന്തത്തിന്റെ ആഘാതമാണ് വിഷയം. നാനൂറോളം പേരാണ് മരണപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ടു. ഇവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടികളാണ് വേണ്ടത്. ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്. രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നുമാണ് വി മുരളീധരന് പറഞ്ഞത്.
കെ സുധാകരന്റെ അഭിപ്രായങ്ങള്‍ക്ക് ആരും വില കല്‍പ്പിക്കുന്നില്ല. ചേവായൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം പാര്ടിക്കാരുടെ ജീവനെടുക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ജാംബവാന്റെ കാലത്ത് നടന്ന സംഭവത്തെ കുറിച്ച് എന്ത് പ്രതികരിക്കാനെന്നാണ് ബാബ്റി മസ്ജിദ് സംഭവം സംബന്ധിച്ച് പ്രതികരിച്ചത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഒരു ഗൗരവവും അദ്ദേഹം കാണിക്കുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രപരസ്യത്തില്‍ ആരെയും മാറ്റിനിര്‍ത്താറില്ല. എല്ലാവരെയും ഒരുപോലെ കണ്ടാണ് പരസ്യം നല്‍കുന്നത്.
പങ്കാളിത്ത പെന്‍ഷനില്‍ മാറ്റംവരുത്തണമെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. പുതിയ പെന്ഷന് പദ്ധതിയെ കുറിച്ചുള്ള ആലോചന സര്‍ക്കാരിന്റെ മുന്നിലുണ്ട്. എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
വി മുരളീധരന് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ദുരന്തബാധിതര്‍ മനുഷ്യരാണെന്നും ബിജെപിയുടെ തനിനിറം ഒരിക്കല്‍ കൂടി വി മുരളീധരനിലൂടെ പുറത്തുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തില്‍ മരിച്ചവരെ അപമാനിക്കുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.അടിയന്തര സഹായം നല്കാന് എന്ത് റിപ്പോര്‍ട്ട് ആണ് ആവശ്യം. വി മുരളീധരനും കേന്ദ്രസര്‍ക്കാരും മറുപടി പറയണം. സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നത് അനുവദിക്കില്ല. മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസാരവല്‍ക്കരിക്കുന്നത് ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.