India

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം… കൃത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതിനാല്‍ വായു മലിനീകരണ തോത് ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പുകമഞ്ഞ് ഉത്തരേന്ത്യയെ മൂടിയിരിക്കുന്നു. പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സി ആണെന്നും ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

‘പ്രധാനമന്ത്രി മോദി ഇടപെടണം, പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണം.’കനത്ത പുകമഞ്ഞ് ദേശീയ തലസ്ഥാനത്തെ പുതച്ചുകൊണ്ട് നഗരം ഇന്ന് രാജ്യത്തെ ഏറ്റവും മലിനമായ നഗരമായി തുടരുന്നതിനിടെയാണ് ഡല്‍ഹി മന്ത്രിയുടെ പരാമര്‍ശം.

‘സിവിയര്‍ പ്ലസ്’ വിഭാഗത്തിന് കീഴില്‍ വായു ഗുണനിലവാര സൂചിക 494-ലേക്ക് ഉയര്‍ന്നു. ഡല്‍ഹിയില്‍ കര്‍ശനമായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP) IV നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളിലെ സൂചിക 500 ലേക്ക് എത്തി.’ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍, ഇന്ന് എന്നീ മാസങ്ങളില്‍ ഞാന്‍ നാല് കത്തുകള്‍ അയച്ചിട്ടും കൃത്രിമ മഴയെക്കുറിച്ച് ഒരു യോഗം പോലും വിളിച്ചിട്ടില്ല’ എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെയും റായ് പത്രസമ്മേളനത്തില്‍ ആക്ഷേപിച്ചു.

‘കൃത്രിമ മഴയെക്കുറിച്ച് യോഗം വിളിക്കാന്‍ പ്രധാനമന്ത്രി മോദി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടണം. ഒന്നുകില്‍ കൃത്രിമ മഴ പെയ്യുന്നതിന് ഒരു പരിഹാരമോ വ്യക്തമായ പാതയോ നല്‍കുക. കേന്ദ്ര സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ മന്ത്രി രാജിവയ്ക്കണം,’ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.