അമ്മ മരിക്കുന്നതിന് മുമ്പ് ആര്‍.എസ്.എസിന് വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അമ്മ നല്‍കിയ വാക്കാണെന്നും ആ വാക്കില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഒരു വര്‍ഷം കാത്തിരിക്കും. അതിനുള്ളില്‍ ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സമൂഹത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്ന ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കുമെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍.എസ്.എസിന് ഭൂമി ഒപ്പിട്ട് നല്‍കാന്‍ തയ്യാറാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും താന്‍ അക്കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നുമാണ് സന്ദീപ് അറിയിച്ചത്. ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് സന്ദീപ് വാര്യരുടെ അമ്മ ഭൂമി വാഗ്ദാനം ചെയ്തത്. അതേസമയം ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആര്‍.എസ്.എസിന് ഭൂമി നല്‍കാന്‍ തയ്യാറാണെന്ന് സന്ദീപ് വാര്യര്‍ അറിയിച്ചിരിക്കുന്നത്.
സുപ്രഭാതത്തിലെയും സിറാജിലെയും എല്‍.ഡി.എഫിന്റെ പത്രപ്പരസ്യത്തിന് പണം നല്‍കിയത് ബി.ജെ.പി ഓഫീസില്‍ നിന്നാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. നേതാക്കളുമായി കൂടിയാലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. ഇത് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ബൂമറാങ് പോലെ സി.പി.ഐ.എമ്മിനെ തിരിച്ചടിക്കുമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.