ലൈംഗികാധിക്ഷേപം നടത്തിയെന്ന നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷക സംഘം. കൊച്ചിയിൽ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സാന്ദ്രയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
സാന്ദ്രാ തോമസ് നിർമിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ വച്ച് വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് സാന്ദ്രയുടെ പരാതി. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെ്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫന്റെ വാദം.
സാന്ദ്ര പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ച ആളായതിനാലാണ് തന്നെ മൊഴിയെടുക്കാനായി വിളിപ്പിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. കമ്മിറ്റിയിൽ പങ്കെടുത്ത 21 പേരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. യോഗത്തിൽ നടന്ന കാര്യങ്ങൾ ചോദിച്ചറിയുകയാണ് പൊലീസ് ചെയ്തത് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് സാന്ദ്ര തോമസിനെ അടുത്തിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽനിന്നു പുറത്താക്കിയിരുന്നു.
STORY HIGHLIGHT: sandra thomas complaint of sexual harassment producer listin stephens statement taken