മുംബൈയില്‍ അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ വിനോദ് താവ്ഡെയെയാണ് മുംബൈ വിരാറിലെ ഒരു ഹോട്ടലില്‍നിന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ പിടികൂടിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. ഹോട്ടലില്‍ പണം വിതരണം ചെയ്യാനെത്തിയെന്ന് ആരോപിച്ച് വിനോദ് താവ്ഡയെ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. വിനോദിന്റെ കയ്യില്‍ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങളും കണ്ടെത്തിയതായി ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ പറയുന്നു.
വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തന്നെ നേരിട്ടെത്തിയെന്ന് ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) പ്രവര്‍ത്തകര്‍ ആരോപിച്ചു. വിനോദ് താവ്ഡെയെ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചതോടെ വിരാറില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. താവ്ഡെയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമര്‍ശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബിവിഎ എംഎല്‍എ ഹിതേന്ദ്ര താക്കൂര്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് പരസ്യ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷം വിരാറില്‍ താവ്ഡെ തുടരുകയായിരുന്നുവെന്നാണ് ബിവിഎ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിനിധികളും നേരിട്ടെത്തി താവ്ഡയെ കസ്റ്റഡിയില്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.