കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപയുമായി വന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മഹാരാഷ്ട്രയില്‍ നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ദേശീയ നേതാവിനെ പിടികൂടിയത്.
ഹോട്ടലിൽ പണം വിതരണം ചെയ്യാനെത്തിയെന്ന് ആരോപിച്ച് വിനോദ് താവ്ഡയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ തടഞ്ഞു വയ്ക്കുകയായിരുന്നു. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. വിനോദിന്റെ കയ്യിൽ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങളും കണ്ടെത്തിയതായി ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിച്ചു.
ഇത്തരത്തില്‍ രണ്ട് ഡയറികള്‍ കണ്ടെത്തിയെന്നും, 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയില്‍ പറയുന്നുണ്ടെന്നും ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. തുടര്‍ന്ന് വിനോദ് താവ്ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വോട്ടർമാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തന്നെ നേരിട്ടെത്തിയെന്ന് ബഹുജൻ വികാസ് അഘാഡി (ബിവിഎ) പ്രവർത്തകർ ആരോപിച്ചു.
STORY HIGHLIGHT: bjp leader accused of distributing cash five crore in maharashtra