സന്ദീപ് വാരിയര്‍ക്കെതിരെ സിപിഎം പത്രപ്പരസ്യം നല്‍കിയത് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. മറ്റു തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ക്ക് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. എന്നാല്‍ വിവാദമായ പരസ്യം മാത്രം കമ്മിഷനെ കാണിക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം. സരിന് തരംഗം എന്ന വലിയ തലക്കെട്ടുള്ള പരസ്യത്തില്‍ സന്ദീപിന്റെ പഴയ പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘കശ്മീരികളുടെ കൂട്ടക്കൊല’ ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്നു പറഞ്ഞിട്ടുള്ള സമൂഹ മാധ്യമ പോസ്റ്റുകള്‍, ഗാന്ധിജി വധത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയവ പരസ്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് വോട്ടെടുപ്പിനു തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചത് എന്നാണ് വിവരം. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങള്‍ നല്കാന് ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.