Kerala

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ – medical college death negligence

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കള്‍. പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

മൃതദേഹവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളുടെ ഓഫീസിനു മുന്നിലേക്കുവന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍. കുടുംബത്തിന് പിന്തുണയുമായി ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും എത്തിയിരുന്നു. വിഷയത്തിൽ പോലീസ് ഇടപെട്ട് ബന്ധുക്കളെ അനുനയിപ്പിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ എന്നിവരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കിത്തരാമെന്നും മൃതദേഹവുമായി പ്രതിഷേധിക്കരുതെന്നുമുള്ള പോലീസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയാണ്. കൃത്യമായ ചികിത്സ കിട്ടാത്തതാണ് രജനിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യവകുപ്പിനും ആശുപത്രി സൂപ്രണ്ടിനും പേരാമ്പ്ര പോലീസിലും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ന്യൂറോ വിഭാഗത്തിലെ ചികിത്സ ലഭിക്കാന്‍ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ പരാതിയില്‍ അന്വേഷണത്തിനായി സൂപ്രണ്ട് മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും എന്നാല്‍ കൃത്യമായ മറുപടിയോ ചികിത്സയോ കിട്ടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി കല്ലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നവംബര്‍ നാലിന് വൈകീട്ടോടെ അത്യാഹിത വിഭാഗത്തില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ച രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

STORY HIGHLIGHT: kozhikode medical college death negligence