രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അങ്ങേയറ്റം ഗുരുതരമായ നിലയിലേക്ക് പോകവെ തലസ്ഥാനമായി ഡല്‍ഹി തുടരണോ എന്ന ചോദ്യവുമായി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡല്‍ഹിയുടെ ഇപ്പോഴത്തെ അവസ്ഥയെ മുൻനിർത്തിയുള്ള ചോദ്യവുമായി തരൂര്‍ രംഗത്തെത്തിയത്. നവംബര്‍തൊട്ട് ജനുവരി വരെയുള്ള മൂന്ന് മാസക്കാലം ഡല്‍ഹി നഗരം അടിസ്ഥാനപരമായി വാസയോഗ്യമല്ലെന്നും തരൂർ കുറിച്ചു.
‘ഡല്‍ഹി ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ്. നാല് മടങ്ങ് അപകടകരമായ സ്ഥിതിയിലും ലോകത്തെ ഏറ്റവും രണ്ടാമത്തെ മലിന നഗരമായ ധാക്കയേക്കാള്‍ അഞ്ചിരട്ടി മോശം അവസ്ഥയിലുമാണ് വര്‍ഷങ്ങളായി നമ്മുടെ സര്‍ക്കാര്‍ ഈ അവസ്ഥ കണ്ടുകൊണ്ടിരുന്നിട്ടും അതിനെതിരേ ഒന്നും ചെയ്യുന്നില്ല എന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്.’ തരൂര്‍ പറഞ്ഞു.
കൂടാതെ, 2015 മുതല്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ഇക്കാര്യത്തില്‍ പല പദ്ധതികളും കൊണ്ടു വന്നുവെങ്കിലും യാതൊരു മാറ്റവുമില്ല. എയര്‍ ക്വാളിറ്റി റൗണ്ട് ടേബിള്‍ ആവിഷ്‌കരിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ആദ്യമായാണ് തലസ്ഥാന നഗരമായി തുടരാനുള്ള ഡല്‍ഹിയുടെ യോഗ്യതയെ ചോദ്യം ചെയ്ത് ഒരു രാഷ്ട്രീയ നേതാവ് രംഗത്തുവരുന്നത്.
STORY HIGHLIGHT: shashi tharoor delhi air pollution capital status