മഹാരാഷ്ട്രയിൽ ബിജെപി തോൽവി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപ്പണം വിതരണം ചെയ്യാൻ ഇറങ്ങിയതെന്നും വ്യക്തമാക്കി മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ അഞ്ചു കോടി രൂപയുടെ കള്ളപ്പണവുമായി ജനക്കൂട്ടം കയ്യോടെ പിടികൂടിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാജയഭീതിയാൽ ബിജെപി സംസ്ഥാനമൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്ക് വാങ്ങി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപ ഇവർ ഒഴുക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഭരണസംവിധാനത്തെയാകെ ഇതിനായി ഉപയോഗിക്കുകയാണ്.
പോലീസ് വാഹനങ്ങളിൽ കള്ളപ്പണം കടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇക്കാര്യം കാട്ടി മഹാവികാസ് അഘാഡി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സർക്കാരിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാനമാകെ ഒഴുക്കിയ കള്ളപ്പണത്തിന്റെ വിവരശേഖരം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഈ ശ്രമത്തിനെതിരെ ആത്മാഭിമാനമുള്ള മഹാരാഷ്ട്രീയർ ശക്തമായി പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
STORY HIGHLIGHT: bjp fear defeat in maharashtra hence black money distribution says chennithala