Kerala

തീവ്രവാദികളുടെ ഭാഷയും കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരേണ്ട; സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി – cm pinarayi vijayan against muslim league and sadiq ali thangal

പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാണക്കാട് ഒരുപാട് തങ്ങള്‍മാരുണ്ടെന്നും അവരെയൊന്നും താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും താന്‍ വിമര്‍ശിച്ചത് മുസ്ലീം ലീഗ് പ്രസിഡന്റിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാദിക്കലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായതിന് ശേഷമാണ് മുസ്ലീം ലീഗ് ജമാഅത്ത് ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതെന്നും തീവ്രവാദികളുടെ ഭാഷയും കൊണ്ട് തങ്ങളുടെ അടുത്തേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി രൂക്ഷമായി ആരോപിച്ചു. സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട്ടില്‍ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. സി.പി.എം എല്ലാ കാലത്തും വര്‍ഗീയതയോട് കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടിനായി വര്‍ഗീയതയുമായി സമരസപ്പെടുകയാണോ. ഇത് നാടിനെ ബാധിക്കുന്നത് അവര്‍ തിരിച്ചറിയുന്നുണ്ടോ? ഇപ്പോഴും ആര്‍.എസ്.എസ് ആളായ ഒരാളെയാണ് പാലക്കാട് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ നേരിട്ടെത്തി സ്വീകരിച്ചത്. ഇത് മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്ക് അസ്വസ്തതയുണ്ടാക്കി. കോണ്‍ഗ്രസ് ലീഗ് അണികള്‍ക്ക് അമര്‍ഷമുണ്ടായി. അപ്പോഴാണ് കോണ്‍ഗ്രസും ലീഗ് നേതൃത്വവും കൂടി ആലോചിച്ച് ഇയാളെ പാണക്കാട്ടെത്തിച്ചത്.

ഇതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പാണക്കാട് തങ്ങളെ കുറിച്ച് ഒരു വാചകം താന്‍ പറഞ്ഞു. അത് ചിലര്‍ വലിയ വിഷയമാക്കുകയാണ്. പാണക്കാട് തങ്ങളെ കുറിച്ച് പറയാമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. പാണക്കാട് ഒരുപാട് തങ്ങള്‍മാരുണ്ട്. അവരെ കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. സാദിക്കലി തങ്ങള്‍ പ്രസിഡന്റാവുന്നതിന് മുന്‍പ് മുസ്ലീം ലീഗ് എപ്പോഴെങ്കിലും ജമാഅത്തെ ഇസ്ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തിനോടും എസ്.ഡി.പി.ഐയോടും ഈ നിലപാട് സ്വീകരിക്കുന്നതിന് സാദിക്കലി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലേ? സ്വാഭാവികമായും ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ പറയില്ലേ. പറയാന്‍ പാടില്ലെന്ന് ലീഗുകാര്‍ പറഞ്ഞാല്‍ അത് അത് ചെലവാകില്ല. ആ ഭാഷ തീവ്രവാദികളുടേതാണ്. ആ ഭാഷയും സ്വീകരിച്ച് ലീഗുകാര്‍ ഇവിടേക്ക് വരരുത്. എല്ലാ വര്‍ഗീയതയ്ക്കും എതിരാണ് ഞങ്ങള്‍. തലശ്ശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHT: cm pinarayi vijayan against muslim league and sadiq ali thangal