Kerala

അയ്യപ്പ സേവാ സംഘത്തിന്റെ ഉടമസ്ഥതയിൽ പമ്പയിലുള്ള കെട്ടിടം ദേവസ്വം ബോർഡിന് കൈമാറണം: ഹൈക്കോടതി – high court directs transfer pamba building devaswom board makaravilakku pilgrims

ഏതെങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് പമ്പ എസ്എച്ച്ഒയ്ക്കും കോടതി നിർദ്ദേശം നൽകി

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ഉടമസ്ഥതയിൽ പമ്പയിലുള്ള കെട്ടിടം മണ്ഡല മകരവിളക്ക് സമയത്ത് തീർഥാടകർക്ക് സൗകര്യമൊരുക്കാനായി ദേവസ്വം ബോർഡിനു കൈമാറണമെന്ന് ഹൈക്കോടതി. നേരത്തെ ശബരിമല സന്നിധാനത്തുള്ള കെട്ടിടം മണ്ഡല മകരവിളക്ക് കാലത്ത് കൈമാറാമെന്ന് അയ്യപ്പ സേവാ സംഘം അറിയിച്ചിരുന്നു. സമാനമായ രീതിയിൽ ഇന്നു തന്നെ പമ്പയിലേയും കെട്ടിടം കൈമാറാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ നിർ‍ദേശം. ഇന്നു തന്നെ കെട്ടിടത്തിന്റെ താക്കോൽ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് കൈമാറുമെന്ന് അയ്യപ്പ സേവാ സംഘം അറിയിച്ചു.

അയ്യപ്പ സേവാ സംഘത്തിന്റെ സന്നിധാനത്തേയും പമ്പയിലേയും കെട്ടിടങ്ങള്‍ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം പൂട്ടിക്കിടക്കുകയായിരുന്നു. തുടർന്ന് ഇത് കോടതിയുടെ പരിഗണനയ്ക്ക് വന്നു. ഇതിനിടെ ഈ മാസം 12ന് സന്നിധാനത്തെ കെട്ടിടം ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് കൈമാറണമെന്ന് ഹൈക്കോടതി നിർദേശം നൽകുകയും അയ്യപ്പ സേവാ സംഘം ഇതു പാലിക്കുകയും ചെയ്തിരുന്നു.

സമാനമായ രീതിയിൽ അയ്യപ്പ സേവാ സംഘത്തിനുള്ളിലെ തർക്കം മൂലം പമ്പയിലെ കെട്ടിടവും പൂട്ടിക്കിടക്കുകയാണ്. ഇതു സംബന്ധിച്ച് ഇരുവിഭാഗങ്ങളും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മണ്ഡല മകര വിളക്ക് കാലത്തേക്ക് തീർഥാടകർക്ക് സൗകര്യമൊരുക്കാനായി കെട്ടിടത്തിന്റെ താക്കോൽ ഇന്നു തന്നെ കൈമാറാന്‍ കോടതി നിർദേശിക്കുകയായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് പമ്പ എസ്എച്ച്ഒയ്ക്കും കോടതി നിർദ്ദേശം നൽകി.

STORY HIGHLIGHT: high court directs transfer pamba building devaswom board makaravilakku pilgrims