Sports

ആരാധകരെ ആവേശത്തിലാക്കി വരുന്നു അര്‍ജന്റീന ടീം കേരളത്തിലേക്ക്; നിർണ്ണായക പ്രഖ്യാപനം നാളെ – argentine football team will be playing in kerala

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി എന്നാണ് അറിയുന്നത്. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക.

മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. സ്‌പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായാണ് വിവരം. ഇതു സംബന്ധിച്ച പ്രഖ്യാപനവും അടുത്ത ദിവസം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലുണ്ടാകും. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക.

നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ അന്ന് പറഞ്ഞിരുന്നു. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.

STORY HIGHLIGHT: argentine football team will be playing in kerala