പ്രചാരണത്തിന്റെ അവസാനദിവസം വിവാദ പരസ്യം നൽകിയത് എൽഡിഎഫ് തീരുമാനമെന്ന സിപിഎം നിലപാടിനെചൊല്ലി മുന്നണിയിലും നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റിയിലും വിവാദം. എൽഡിഎഫ് യോഗത്തിൽ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനഘടകകക്ഷിയായ സിപിഐ പറയുന്നു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കലും ധ്രുവീകരണവും ഇടതുമുന്നണിയുടെ നയമല്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു.
പരസ്യം വർഗീയത പരത്തുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുകയും ചെയ്തതോടെയാണ് ഘടകകക്ഷികളിൽ രോഷമുയർന്നത്. സിപിഐ പാലക്കാട് മണ്ഡലം സെക്രട്ടറി കൂടിയായ മുരളി കെ.താരേക്കാടാണ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കു വന്നതായി ഒാർക്കുന്നില്ലെന്ന് അദ്ദേഹവും പറഞ്ഞു. കൂടിയാലോചനയില്ലാതെ ഒരു വിഭാഗം സിപിഎം നേതാക്കളെടുക്കുന്ന തീരുമാനങ്ങൾ വിവാദമാകുന്നത് മുന്നണിയെ മൊത്തത്തിൽ ആശയക്കുഴപ്പത്തിലാക്കുന്നതായി ഘടകകക്ഷികൾ കുറ്റപ്പെടുത്തി. എൽഡിഎഫിന്റെ പേരിൽ കൊടുത്ത പരസ്യവുമായി ബന്ധപ്പെട്ട നടപടികൾക്ക് മുന്നണി ജില്ലാ കൺവീനറാണ് മറുപടി നൽകേണ്ടത്. ഘടകകക്ഷികളുമായി ചർച്ചചെയ്താൽ പരസ്യം തടസപ്പെടുമെന്നതിനാലാകാം ഒഴിവാക്കിയതെന്ന സംശയവും കക്ഷി നേതാക്കൾക്കിടയിലുണ്ട്.
തിരഞ്ഞെടുപ്പിൽ ഏതിർകക്ഷികളിൽ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുളള നീക്കങ്ങൾ പാളുന്നത് കൂടിയാലോചന ഇല്ലാത്തതുകൊണ്ടെന്ന വിമർശനമാണ് സിപിഐയ്ക്കുള്ളത്. വിവാദത്തിൽ മുന്നണിയിൽ ഭിന്നാഭിപ്രായമെന്നും രണ്ട് നിലപാടെന്നും ചർച്ചയായതോടെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഐക്യ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. രണ്ടു തട്ടിലെന്ന തോന്നൽ ഉണ്ടാവരുതെന്നും മുന്നണി ഒരുമിച്ചു തന്നെ നീങ്ങണമെന്നും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഓർമപ്പെടുത്തലുണ്ടായി. സംഭവത്തിൽ സിപിഎമ്മിനുള്ളിലും അമർഷം ഉയർന്നിട്ടുണ്ടെന്നാണ് വിവരം.
STORY HIGHLIGHT: cpi slams cpm over controversial palakkad election advertisement