Ernakulam

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിൻ്റെ ഐക്കണിക് ശാഖയുടെ ശതാബ്ദി പാരമ്പര്യവും മികവും ആഘോഷിക്കുന്നു.

എസ്ബിഐയുടെ ഐതിഹാസികമായ ഹോര്‍ണിമാന്‍ സര്‍ക്കിള്‍ ബ്രാഞ്ചിന്‍റെ ശതാബ്ദിയോട് അനുബന്ധിച്ചുള്ള 100 രൂപയുടെ പ്രത്യേക നാണയം കേന്ദ്ര ധനകാര്യ, കോര്‍പറേറ്റ് കാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പുറത്തിറക്കി. ഗ്രേഡ് എ ഹെറിറ്റേജ് പദവിയുള്ളതും ദക്ഷിണ മുംബൈയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടവുമാണിത്. ബാങ്കിന്‍റെ 1981 മുതല്‍ 1996 വരെയുള്ള പ്രയാണത്തിന്‍റെ വിവരങ്ങള്‍ അടങ്ങിയ ദി എവലൂഷന്‍ ഓഫ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരമ്പരയുടെ അഞ്ചാം പതിപ്പും ഇതോടൊപ്പം പുറത്തിറക്കി. ധനകാര്യ വകുപ്പ് സെക്രട്ടറി എം നാഗരാജുവും ചടങ്ങില്‍ പങ്കെടുത്തു.

അതീവ മികവോടെയുള്ള വളര്‍ച്ചയുടേയും സേവനങ്ങളുടേയും ഉദാഹരണമാണ് ഈ ഐതിഹാസിക ബ്രാഞ്ചിന്‍റെ ശതാബ്ദി ആഘോഷത്തോടൊപ്പം ദൃശ്യമാകുന്നതെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 1920-ലെ നൂറു ബ്രാഞ്ചുകളില്‍ നിന്ന് ഇന്ന് 22,640 ബ്രാഞ്ചുകളിലേക്ക് വളര്‍ന്ന ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 500 ബ്രാഞ്ചുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്. അത്യാധുനീക സാങ്കേതികവിദ്യകളുമായി ഇന്ത്യയുടെ ബാങ്കിങ് രംഗത്തെ മാറ്റിമറിക്കുകയും എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. യോനോ പോലുള്ള പതാകവാഹക ഡിജിറ്റല്‍ സംവിധാനങ്ങള്‍ സാമ്പത്തിക സാങ്കേതികവിദ്യാ മേഖലകളിലെ ഇന്ത്യയുടെ കഴിവുകളെ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എസ്ബിഐ പുതിയ യുഗത്തിലേക്കു കടക്കുമ്പോള്‍ തങ്ങളുടെ മികവുള്ള സേവനങ്ങള്‍ക്കുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ നാഴികക്കല്ലെന്നും എസ്ബിഐ ചെയര്‍മാന്‍ സി എസ് ഷെട്ടി പറഞ്ഞു. ഇന്ത്യക്കാരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ തങ്ങള്‍ ഓരോ ഇന്ത്യക്കാരന്‍റേയും യഥാര്‍ത്ഥ ബാങ്ക് ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.