Ernakulam

മൾട്ടി സെക്ടർ റൊട്ടേഷൻ ഫണ്ട് അവതരിപ്പിച്ച് ശ്രീറാം എഎംസി പ്രവര്‍ത്തിക്കും.

ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായ ശ്രീറാം അസറ്റ് മാനേജ്മെന്റ് കമ്പനി രാജ്യത്തെ ആദ്യ മൾട്ടി സെക്ടർ റൊട്ടേഷൻ ഫണ്ട് അവതരിപ്പിച്ചു. ഇടത്തരം മുതൽ ദീർഘ കാലയളവിലേക്ക് നേട്ടം കരസ്ഥമാക്കാവുന്ന വ്യത്യസ്ത മേഖലകളിൽ നിക്ഷേപം നടത്താമെന്നതാണ് ഈ ഫണ്ടിന്റെ പ്രത്യേകത. നിക്ഷേപം നടത്തിയ ഓഹരികളുടെ വിപണിയിലെ പ്രകടനമനുസരിച്ച് ഫണ്ടുകൾ റൊട്ടേഷൻ ചെയ്യാം. അതായത്, ഒരു ഓഹരിയുടെ നില മോശമാകാൻ തുടങ്ങിയാൽ, അവിടെ നിക്ഷേപിച്ചിട്ടുള്ള തുക മികച്ച പ്രകടനം നടത്തുന്ന മറ്റൊരു ഓഹരിയിലേക്ക് മാറ്റും. ഏത് ഓഹരിയിലാണ് മാറ്റി നിക്ഷേപിച്ചത് എന്ന വിവരം പ്രതിമാസം നിക്ഷേപകരെ അറിയിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഫണ്ട് അവതരിപ്പിക്കുന്നത്. ഡിസംബർ 2 വരെ ഈ ഫണ്ടിൽ നിക്ഷേപം നടത്താം. 500 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. മികച്ച ഫണ്ടുകൾ കണ്ടെത്താനും നിക്ഷേപകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും പുതിയ നിക്ഷേപ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ശ്രീറാം എഎംസിയുടെ എംഡിയും സിഇഒയുമായ കാർത്തിക് ജെയിൻ പറഞ്ഞു.