വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയുടെ സമഗ്രവികസനത്തിനായി ടുറിസം വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പ് പ്രാവര്‍ത്തികമാക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് മുന്നോടിയായി വ്യവസായ വകുപ്പ് വിളിച്ചുചേര്‍ത്ത ടൂറിസം മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടൂറിസം മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ വ്യവസായമാണ് ടൂറിസമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ സവിശേഷതകള്‍ ടൂറിസവുമായി യോജിക്കുന്നു. ടൂറിസം മേഖലയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവമായാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം വ്യവസായ മന്ത്രിയുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. ടൂറിസം നിക്ഷേപ സൗഹൃദമാണ് കേരളം എന്ന സന്ദേശമുയര്‍ത്തി കഴിഞ്ഞ വര്‍ഷം ടൂറിസം നിക്ഷേപക സംഗമവും സംഘടിപ്പിച്ചിരുന്നു. ഇതിനായാണ് പ്രത്യേക ഇന്‍വെസ്റ്റ്മെന്റ് സെല്‍ തുറന്നത്. ഇത്തരം സംരംഭങ്ങളിലൂടെ ടൂറിസം മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസം മേഖലയ്ക്ക് പ്രധാന പങ്കുണ്ട്. കേരളത്തിന് അനുയോജ്യമായ നിരവധി സംരംഭങ്ങളാണ് ടൂറിസത്തിന്റെ ഭാഗമായുള്ളത്. കൂടുതല്‍ വളര്‍ച്ചയ്ക്ക് വലിയ സാധ്യതയുള്ള സംരംഭങ്ങളുടെ ഒരു വലിയ ശൃംഖലയാണിത്. ടൂറിസം സംരംഭങ്ങള്‍ക്കുള്ള ഏകജാലക അനുമതി, നിക്ഷേപ സബ്സിഡി, വായ്പ ലഭ്യമാക്കാനുള്ള സഹായം തുടങ്ങിയവയില്‍ വ്യവസായ വകുപ്പിന് കൂടുതല്‍ പിന്തുണ നല്‍കാനാകും.ഹോസ്പിറ്റാലിറ്റി, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹൗസ് ബോട്ടുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ഫുഡ് ടൂറിസം, ട്രാവല്‍ ആന്റ് ടൂറിസം സംരംഭങ്ങള്‍ തുടങ്ങിയവയില്‍ സംസ്ഥാനത്തെ ടൂറിസം മേഖല ധാരാളം നിക്ഷേപ അവസരങ്ങള്‍ തുറന്നിട്ടുണ്ട്. ഈ സംരംഭങ്ങളെ ടൂറിസം വകുപ്പിന്റെ ഇന്‍വെസ്റ്റ്മെന്റ് സെല്ലുമായി ബന്ധിപ്പിച്ച് വ്യവസായ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പിന്തുണയോടെ വളര്‍ന്നു വന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടൂറിസം മേഖലയിലും ധാരാളം അവസരങ്ങള്‍ ലഭ്യമാണ്. ടെക്നോളജി ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ടൂറിസം വകുപ്പ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.കയര്‍, കൈത്തറി, കരകൗശല നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായ കേന്ദ്രങ്ങളുമായി ടൂറിസത്തെ ബന്ധിപ്പിക്കുന്നത് ഒരു പ്രധാന അനുഭവവേദ്യ ടൂറിസം കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കും.
ടൂറിസം മേഖലയിലെ സുസ്ഥിര വികസനം എല്ലാ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമാണ്. സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭം ഈ ദിശയില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഗ്രീന്‍ എനര്‍ജി പോലുള്ളവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാലിന്യ സംസ്കരണ സംവിധാനം കാര്യക്ഷമമാക്കുന്നതും പുനരുപയോഗ സാധ്യതയുള്ള നിര്‍മ്മാണ വസ്തുക്കളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതും പ്രധാനമാണ്.
ഡാമുകള്‍ കേന്ദ്രീകരിച്ച് സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിലൂടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനാകും. സ്ഥിരമായ നിര്‍മ്മാണങ്ങള്‍ സാധ്യമല്ലാത്ത ബീച്ചുകള്‍ പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ കൂടാരങ്ങളും ചെറിയ വീടുകളും പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.