Explainers

ലോകം ഭയക്കേണ്ട കാലമെത്തി: ഉക്രെയിനെതിരേ ആണവായുധം പ്രയോഗിക്കുമോ റഷ്യ?; മനുഷ്യരുടെ അവസാനം അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി

ഭയക്കണം ഭൂമിയിലെ ഓരോ മനുഷ്യരും. യുദ്ധങ്ങള്‍ എല്ലാം അങ്ങനെയാണ്. ഒരു ഭൂ പ്രദേശത്തെയാകെ വിഴുങ്ങിക്കളയുന്നതാണ് ഓരോ യുദ്ധങ്ങളും. കുറേ വര്‍ഷങ്ങളായി ഭൂമിയില്‍ സമാധാനം ഉണ്ടായിരുന്നിടത്ത്, പശ്ചിമേഷ്യയും റഷ്യയും ഇപ്പോള്‍ അതീവ സംഘര്‍ഷാവസ്ഥയിലാണ്. ആയിരം ദിവസം കഴിഞ്ഞിരിക്കുന്നു റഷ്യ-ഉക്രെയില്‍ യുദ്ദം. അതി മാരകമായി തുടരുകയാണ് ഇസ്രയേല്‍-ഹമാസ്-ഇറാന്‍ യുദ്ധം. ഇതിനൊരറുതി ഇല്ലേ. ലോക രാജ്യങ്ങളെല്ലാം ഒരു യുദ്ധത്തിന്റെയും പിന്നാലെ നില്‍ക്കാതിരിക്കുന്നതാണ് ലോക യുദ്ധമായി പരിണമിക്കാത്തതെന്ന് വിശ്വസിക്കാം.

എന്നാല്‍, റഷ്യ-ഉക്രെയിന്‍ യുദ്ധം മനുഷ്യരെയാകെ ഭയത്തിന്റെ കൊടുമുടി കയറ്റിയിരിക്കുകയാണിപ്പോള്‍. അണവായുധം പ്രയോഗിക്കുന്നതിനെ കുറിച്ച് റഷ്യ ചിന്തിക്കുന്നതാണ് ഭയത്തിനു കാരണം. ഉക്രെയിനെ നശിപ്പിക്കാന്‍ ആണവായുധം പ്രയോഗിക്കാന്‍ പ്രാഥമിക തയ്യാറെടുപ്പെന്ന രീതിയില്‍ നയം മാറ്റിയിരിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങള്‍ ലോകം തന്നെ ഭയപ്പെട്ടേ മതിയാകൂ. ഇനി റഷ്യ തീരുമാനിക്കും എന്തു ചെയ്യണമെന്ന്. അതിനനുസരിച്ചായിരിക്കും മറ്റു രാജ്യങ്ങളുടെ സുരക്ഷിതത്വം പോലും.

 

ഉക്രെയിനെ ആയുധം നല്‍കി യുദ്ധത്തിനു പ്രേരിപ്പിക്കുന്ന അമേരിക്കയോടുള്ള വെല്ലുവിളിയായിട്ടാണ് റഷ്യ നയം മാറ്റിയത്. പുതിയ സിദ്ധാന്തമനുസരിച്ച് വന്‍തോതിലുള്ള നശീകരണ ആയുധങ്ങളോ പരമ്പരാഗത ആയുധങ്ങളുടെ വലിയ ശേഖരങ്ങളോ കൈവശമുള്ള ശത്രുശക്തികളുടെയും സൈനിക സംഘങ്ങളുടെയും ആക്രമണം തടയാന്‍ റഷ്യയ്ക്ക് ആണവായുധം ഉപയോഗിക്കാന്‍ സാധിക്കും. അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉക്രെയിന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അംഗീകാരം നല്‍കിയതോടെ അമേരിക്കയില്‍ ഉള്‍പ്പെടെ ആണവായുധം പ്രയോഗിക്കാനുള്ള പദ്ധതിയാണ് റഷ്യ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന സൈനിക രേഖയുടെ പുതുക്കിയ പതിപ്പിനൊപ്പം നവംബര്‍ 19 നാണ് ഈ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആണവായുധങ്ങള്‍ ഇല്ലാത്ത രാജ്യം നടത്തുന്ന ആക്രമണം ആ രാജ്യത്തെ പിന്തുണയ്ക്കുന്ന ശക്തികളുടെ കൂട്ടായ ആക്രമണമായി കണക്കാക്കുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔപചാരികമായി ഒരു സൈനിക സഖ്യത്തില്‍ ഉള്‍പ്പെടാത്ത രാജ്യത്തിന് ആണവശക്തിയുടെ പിന്തുണയുണ്ടെങ്കിലും ഇത് ബാധകമാകും.

അതായത് ഉക്രെയിനെ മാത്രമല്ല ആണവായുധം ഉപയോഗിച്ച് അമേരിക്കയെയും ആക്രമിക്കാനുള്ള പദ്ധതിയാണ് റഷ്യ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. റഷ്യ ആക്രമിക്കപ്പെട്ടാല്‍ ”പ്രതികാരം അനിവാര്യമാണെന്ന് ആക്രമിക്കുന്ന രാജ്യങ്ങളും പിന്തുണയ്ക്കുന്നവരും മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് റഷ്യയുടെ ലക്ഷ്യം ഇതേ സംരക്ഷണം റഷ്യന്‍ സൈനിക സഖ്യകക്ഷികള്‍ക്കും ലഭിക്കും. അതായത്, ഉത്തര കൊറിയയെ അമേരിക്ക ആക്രമിച്ചാലും റഷ്യക്ക് ഇനി ആണവായുധം പ്രയോഗിക്കാന്‍ കഴിയും.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെയും നാറ്റോ സഖ്യകക്ഷികളെയും ഞെട്ടിക്കുന്ന പ്രഖ്യാപനമാണിപ്പോള്‍ റഷ്യ നടത്തിയിരിക്കുന്നത്. ലക്ഷക്കണക്കന് സൈനികരാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതില്‍ വന്‍ നാശനഷ്ടം നേരിടേണ്ടി വന്നിരിക്കുന്നത് ഉക്രെയിനാണ്. 2022 ഫെബ്രുവരി 24നാണ് ഉക്രെയിന് എതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി ഉക്രെയിന്‍ കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന ഇടപെടലുകളാണ് റഷ്യയെ ചൊടിപ്പിച്ചത്. ഇത് പിന്നീട് ഉക്രെയിന് എതിരെയുള്ള സൈനിക നടപടിയിലേക്ക് റഷ്യയെ നിര്‍ബന്ധിതമാക്കുകയും ചെയ്തു.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളെ തെരഞ്ഞ് പിടിച്ച് നാറ്റോയില്‍ അംഗമാക്കുന്ന അമേരിക്ക റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന ഉക്രെയിനെയും നാറ്റോയില്‍ ചേര്‍ക്കാന്‍ നീക്കം നടത്തിയതും ഈ നീക്കത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ഉറച്ച് നില്‍ക്കുകയും ചെയ്തതോടെയാണ് യുദ്ധം അനിവാര്യമായി വന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതു മുതല്‍, അമേരിക്ക ഉക്രെയ്‌നിന് 182.99 ബില്യണ്‍ ഡോളറാണ് അനുവദിച്ചത്. മൊത്തം തുകയില്‍ ഏകദേശം 131.36 ബില്യണ്‍ ഡോളര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ്.

ഇതില്‍ 46.51 ബില്യണ്‍ ഡോളറും, യൂറോപ്പില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നീക്കിവച്ചിട്ടുള്ളതാണ്. ഉക്രെയ്നിന് നല്‍കിയ ആയുധങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് 45.78 ബില്യണ്‍ ഡോളറും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ, ഉക്രെയിനിലെ ഉദ്യോഗസ്ഥരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ഭരണ പരിപാടികള്‍ക്കായി 43.84 ബില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്. ഇങ്ങനെ അമേരിക്ക ഉക്രെയിനെ സഹായിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുള്ള ഡൊണാള്‍ഡ് ട്രംപാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്. താന്‍ അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ യുദ്ധം

അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനാല്‍ അധികാര കൈമാറ്റത്തിന് മുന്‍പ് സംഘര്‍ഷം രൂക്ഷമാക്കി വന്‍ യുദ്ധം വിളിച്ചു വരുത്താനാണ് ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് റഷ്യയ്ക്കുള്ളില്‍ ആഴത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ നല്‍കിയത്. പതിനായിരത്തിലധികം ഉത്തര കൊറിയന്‍ സൈനികര്‍ ഉക്രെയിന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.

ആണവായുധം പ്രയോഗിച്ചാല്‍ സംഭവിക്കുന്നതെന്ത്

അണുവിഘടനമോ (ന്യൂക്ലിയര്‍ ഫിഷന്‍) അണുസംയോജനമോ (ന്യൂക്ലിയര്‍ ഫ്യൂഷന്‍) കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ് ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്. ആണവപ്രവര്‍ത്തനങ്ങളില്‍ വളരെ കൂടിയ അളവില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ 1945 ഓഗസ്റ്റ് 6 നും നാഗസാക്കിയില്‍ 1945 ഓഗസ്റ്റ് 9നും എന്നീ സ്ഥലങ്ങളില്‍ അമേരിക്ക അണുബോംബിട്ടിരുന്നു. 3,20,000 ആളുകള്‍ തല്‍ക്ഷണം മരിച്ചു വീണു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിലാണ്. രാവിലെ 8.15 നാണ് . ‘ലിറ്റില്‍ ബോയ് ‘ എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത്. ആഗസ്റ്റ് 9 ന് നാഗസാക്കിയില്‍ പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാന്‍.

ആണവായുധം കൈയ്യിലുള്ള രാജ്യങ്ങള്‍

  • റഷ്യ
  • അമേരിക്കന്‍ ഐക്യനാടുകള്‍
  • ഫ്രാന്‍സ്
  • യുണൈറ്റഡ് കിങ്ഡം
  • ചൈന
  • ഇസ്രയേല്‍
  • ഇന്ത്യ
  • പാകിസ്ഥാന്‍
  • ഉത്തര കൊറിയ

സെപ്റ്റംബര്‍ 26 ന് അന്താരാഷ്ട്രാ തലത്തില്‍ സമ്പൂര്‍ണ ആണവായുധ നിര്‍മ്മാര്‍ജ്ജന ദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുന്നുണ്ട്. 2025 സെപ്തംബര്‍ 26ന് ഉള്ളില്‍ റഷ്യ ഉക്രയിനു നേരെ ആണവായുധം ഉപയോഗിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

CONTENT HIGHLIGHTS; It’s Time for the World to Fear: Will Russia Use Nuclear Weapons Against Ukraine?; Signs of the approaching end of mankind began to appear

Latest News