പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ പോകാന്‍ ഏറ്റവും ചിലവ് കുഞ്ഞതും മനോഹരവുമായ ഒരു സ്ഥലം നമ്മുടെ തിരുവനന്തപുരത്ത് ഉണ്ട്. മനോഹരമായ കാടും ചെറുകുന്നുകളും തേയിലതോട്ടങ്ങളും നിറഞ്ഞ പ്രദേശമായ പൊന്മുടി. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയത്തില്‍ സ്ഥിതി ചെയ്യുന്ന പൊന്മുടിയില് കണ്ണിനു കുളിര്മയേകുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കുന്നത്. പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയിരിക്കുന്ന കാഴ്ചകള്‍ മാത്രമെ അവിടെ ഉള്ളൂയെന്നാതാണ് പൊന്മുടിയുടെ പ്രത്യേകത. പേപ്പാറ വന്യജീവി സങ്കേതം, എക്കോ പോയിന്റ്, മീന്മുട്ടി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ട്രെക്കിങ്ങിനായുള്ള അവസരവും പൊന്മുടിയിലുണ്ട്.
തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നതാണ് പൊന്മുടി. വര്‍ഷത്തില്‍ മിക്കവാറും അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ എല്ലാ സമയവും തണുപ്പും മൂടല്‍ മഞ്ഞും ഉള്ളതാണ്. മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാല്‍ പൊന്മുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികള്‍ വിശ്വസിക്കുന്നു.
എന്നാല്‍ പേരിന്റെ യഥാര്‍ത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ് എന്നാണ് ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവന്, പൊന്നെയിര് കോന്‍ എന്നും മറ്റും വിളിച്ചിരുന്നതില്‍ നിന്നാണ് ഈ മലക്ക് പൊന്മുടി എന്ന് പേരു വന്നതെന്നാണ് അവര്‍ കരുതുന്നത്. പൊന്മുടി, പൊന്നമ്പലമേട്, പൊന്നാമല, പൊന്മന തുടങ്ങിയ പേരുകളും ഇത്തരത്തില്‍ ഉണ്ടായവയാണെന്നു വാദമുണ്ട്.
പൊന്മുടിയിലെ തേയിലത്തോട്ടങ്ങള്‍ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയില്‍ നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. എക്കോ പോയിന്റ് എന്നും ഈ സ്ഥലം അറിയപ്പെടുന്നു. പൊന്മുടി സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് . പൊന്മുടിക്ക് സമീപത്തായി കാടിനുള്ളില്‍ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനില്‍ക്കുന്ന വിതുര ഗോള്‍ഡന്‍ വാലിയുംആകര്‍ഷണമാണ്. ഉരുളന്‍ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാര്‍ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.