Health

ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

ജലദോഷം ഏത് പ്രായക്കാരെയും ബാധിക്കുന്ന ഒരു രോഗമാണ്. പ്രത്യേകിച്ച് കുട്ടികളിലാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ജലദോഷം അതിവേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തനിയെ ഭേദമാകകയും ചെയ്യുന്നു. മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്ന് പൊതുവേ പറയപ്പെടുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാവുന്നതാണ്.

ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ജലദോഷം. ഹ്യൂമന്‍ റൈനോവൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗബാധയ്ക്ക് പ്രധാന കാരണം. ഇതിനു പുറമെ, ഹ്യുമന്‍ കൊറോണാ വൈറസ്, ഇന്‍ഫ്ളുവന്‍സാ വൈറസ്, അഡിനോ വൈറസ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്. കുറഞ്ഞ രോഗപ്രതിരോധ ശക്തി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധയുടെ തോത് കൂട്ടുന്നു.

ചുമ, തൊണ്ടവേദന, ഒച്ചയടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, വിശപ്പില്ലായ്മ, പനി തുടങ്ങിയവയാണ് സാധാരണയായി അനുഭവപ്പെടാറുള്ള ലക്ഷണങ്ങള്‍. കുട്ടികളില്‍ ഇതിനോടനുബന്ധിച്ച് പനിയും കണ്ടുവരുന്നു. എന്നാല്‍ മുതിര്‍ന്നവരില്‍ പനി ലക്ഷണമായി സാധാരണ കാണാറില്ല. വൈറസ് ബാധയുണ്ടായി പതിനാറ് മണിക്കൂറിനുള്ളിലാണ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുക രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെയാണ്. ഏഴ് ദിവസം മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ശമിക്കും. പ്രതിരോധശക്തി പൊതുവേ കുറഞ്ഞവരിലും ലക്ഷണങ്ങള്‍ രണ്ടാഴ്ച തുടരാം. വായുവിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. രോഗലക്ഷണങ്ങള്‍ ചിലരില്‍ വര്‍ധിച്ചിട്ട് ഇന്‍ഫ്ളുവന്‍സ, പീനസം, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. രോഗം പകരാതിരിക്കാന്‍ കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുക. കഴുകി വൃത്തിയാക്കാത്ത വിരലുകള്‍കൊണ്ട് കണ്ണ്, മൂക്ക്, വായ് ഇവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരുമായി അടുത്തിടപഴകാതിരിക്കുക. മഞ്ഞ്, തണുത്ത കാറ്റ് ഇവയുള്ളപ്പോള്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.