Celebrities

എ.ആര്‍.റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു

സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്റെ ട്രൂപ്പില്‍ നിന്നും മറ്റൊരു വേര്‍പിരിയല്‍ പ്രഖ്യാപനം കൂടി വന്നിരിക്കുകയാണ്. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് താന്‍ വിവാഹബന്ധം അവസാനിപ്പിച്ചതായി അറിയിച്ചിരിക്കുന്നത്. കൊല്‍ക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി ഡേ. എ.ആര്‍.റഹ്മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ഷോകളില്‍ മോഹിനി പങ്കെടുത്തിട്ടുണ്ട്.

എ.ആര്‍.റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് മോഹിനിയും ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായാണ് വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മോഹിനി ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്പരധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതെന്നും തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് അംഗീകരിക്കണമെന്നും സ്വകാര്യത മാനിക്കണമെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഞാനും മാര്‍ക്കും വേര്‍പിരിഞ്ഞത് ഹൃദയഭാരത്തോടെ അറിയിക്കുകയാണ്. ആദ്യം ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള പ്രതിബദ്ധത അറിയിക്കുന്നു. പരസ്പര ധാരണയോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. നല്ല സുഹൃത്തുക്കളായി തുടരും. ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേര്‍പിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഞങ്ങള്‍ തീരുമാനിച്ചു’, മോഹിനി കുറിച്ചു.

വേര്‍പിരിഞ്ഞാലും താനും മാര്‍ക്കും പ്രോജക്ടുകളില്‍ സഹകരിക്കുന്നത് തുടരുമെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ തീരുമാനത്തെ സുഹൃത്തുക്കളും ആരാധകരും പിന്തുണയ്ക്കണമെന്നും മോഹിനി കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.