പതിനൊന്നാം നൂറ്റാണ്ടിലെ യുനെസ്കോയുടെ പൈതൃക സ്ഥലമായ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും, തലയാട്ടി ബൊബോമ്മയുടെയും നാടാണ് തഞ്ചാവൂർ. ശിൽപ്പഭംഗിയുടെയും, കൊത്തുപണികളുടെയും കരവിരുതിൽ നെയ്തെടുത്ത കൽപ്പടവുകളുടെ മേഘരൂപങ്ങളിലേക്ക് തലയുയർത്തി നിൽക്കുന്ന ഗോപുരങ്ങളാൽ വിസ്മയമാണ് തഞ്ചാവൂർ രാജരാജേശ്വരം ക്ഷേത്രം എന്ന ബൃഹദീശ്വര ക്ഷേത്രം. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം പിന്നീട് പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും അറിയപ്പെട്ടു. ചോഴ രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴൻ അഥവാ പൊന്നിയിൻ സെൽവൻ എ.ഡി. 1010ലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ശിവന്റെ പവിത്രമായ നന്ദിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളിൽ ഒന്ന്. 13 അടി ഉയരവും 16 അടി വീതിയുമുള്ള ഈ പ്രതിമ ഒറ്റ പാറയിലാണ് കൊത്തിയെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ മുഴുവൻ ഘടനകളും കരിങ്കല്ലുകൾ ഉപയോഗിച്ചുള്ളതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിന് 216 അടി ഉയമുണ്ട്. നിറയെ ശിൽപങ്ങൾ കൊത്തിയ രണ്ട് ഗോപുരങ്ങൾ പിന്നിട്ടുവേണം ക്ഷേത്ര വളപ്പിലേക്ക് കടക്കാൻ. വാസ്തുശില്പി, നിർമ്മാതാക്കൾ, ശിൽപികൾ എന്നിവരുടെ അപാരമായ വൈദഗ്ദ്ധ്യം ക്ഷേത്രത്തിൻ്റെ വലുപ്പത്തിലും മഹത്വത്തിലും നിന്ന് വ്യക്തമാണ്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്ര രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു.