Health

സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാന്‍ യോഗയ്ക്ക് കഴിയും

ഏത് പ്രായക്കാര്‍്ക്കും ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് യോഗവിദ്യ. ഇന്ന് ജീവിതശൈലിയിലെ പെട്ടെന്നുള്ള വ്യതിയാനം ഒട്ടേറെ ജീവിതശൈലീ രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പുതിയതരം ഭക്ഷണപദാര്‍ഥങ്ങള്‍, പരിസ്ഥിതിമലിനീകരണം, വിശ്രമമില്ലാത്തതും വ്യായാമരഹിതവുമായ ദിനചര്യകള്‍ എന്നിവയെല്ലാം അതിന് കാരണമായി. വൈകാരികപ്രശ്‌നങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവക്ക് മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല പണ്ടത്തേതിനേക്കാള്‍ അപകടകരമായ നിലയില്‍ കൂടുകയും ചെയ്തു.

പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കാന്‍സര്‍, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും നിരന്തരമായ യോഗാഭ്യാസം കാരണമാകുന്നു. വിഷാദം, ഉത്കണ്ഠ, കോപം, ഭയം എന്നിങ്ങനെ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ വിടുതല്‍ ലഭിക്കുന്നു. ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍മൂലം സങ്കീര്‍ണമാകുന്ന മനസ്സിനെ ശാന്തിയുടെ സമതലങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധനകൊണ്ട് സാധിക്കുന്നു.

സ്ട്രോക്കിന് തടയിടാന്‍ യോഗയ്ക്ക് കഴിയും. തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമാക്കാനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും യോഗകൊണ്ടാവും.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു മന്ദീഭവിക്കുകയോ ഭാഗികമായി നിലയ്ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്‌ക്കാഘാതം. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവയാണ് സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ഇതുമൂലം ശരീരം പൂര്‍ണമായോ ഭാഗികമായോ തളര്‍ന്നുപോയേക്കാം.

മാനസിക പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങിയവയൊക്കെ ക്രമേണ സ്ട്രോക്കിലേക്ക് നയിക്കാം. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ യോഗയിലൂടെയും ഈ രോഗത്തെ ചെറുത്തു നിര്‍ത്താന്‍ സാധിക്കും. അതിനു കഴിയുന്ന യോഗാമുറകള്‍ പരിചയപ്പെടുക. എന്നാല്‍ വായിച്ചോ മറ്റുള്ളവര്‍ പറഞ്ഞോ കേട്ട അറിവു വച്ച് ഇത് അഭ്യസിക്കരുത്. യോഗയുടെ ശരിയായ ഫലം ലഭിക്കണമെങ്കില്‍ വിദഗ്ധ മേല്‍നോട്ടം കൂടിയേ തീരു.