ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് ബൂത്തിലിരിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് വോട്ട് കച്ചവടം നടന്നതിൻ്റെ തെളിവാണ്. സന്ദീപ് വാര്യർ ശരീരം കൊണ്ട് മാത്രം കോൺഗ്രസിൽ നിൽക്കുന്ന ആളാണെന്നും അദ്ദേഹം വിമർശിച്ചു.
വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും. ബിജെപി മൂന്നാം സ്ഥാനത്താകും. മണ്ഡലത്തിൽ യുഡിഎഫ് മൂന്നാമതാകുമെന്ന കെ സുരേന്ദ്രൻ്റെ പോസ്റ്റ് പറയാതെ പറയുന്നത് റിസൾട്ട് എൽഡിഎഫിന് അനുകൂലമാകുമെന്നാണ്. സന്ദീപ് വാര്യർ ശരീരം കൊണ്ട് മാത്രം കോൺഗ്രസിൽ നിൽക്കുന്ന ആളാണെന്നും സുരേഷ് ബാബു വിമർശിച്ചു. സന്ദീപ് പറഞ്ഞതിനെ ഷാഫി ന്യായീകരിച്ചത് ഒരു നേതാവ് എത്ര തരംതാണു എന്നതിൻ്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് പ്രക്ഷോഭം മൂലം വ്യാജ വോട്ടർമാർ അതേപടി പോളിംഗ് ബൂത്തിൽ എത്തിയില്ല. ബിജെപി ജില്ലാ പ്രസിഡൻ്റ് വോട്ട് ചെയ്യാതിരുന്നത് കള്ളവോട്ടാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ്. തടയുമെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ഹരിദാസന് ഉളുപ്പുള്ളത് കൊണ്ടാണ് വോട്ട് ചെയ്യാഞ്ഞത്. കോൺഗ്രസ് സ്ഥാനാർത്ഥി ബൂത്തിൽ കുഴപ്പം ഉണ്ടാക്കി വാർത്ത ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാനാർത്ഥിക്കൊപ്പം ഒരു പട പറ്റില്ലെന്നാണ് തങ്ങൾ പറഞ്ഞത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി നിലവിളിക്കുകയായിരുന്നു. വിവാദമുണ്ടാക്കി നാല് വോട്ട് ഉണ്ടാക്കാനാണ് രാഹുൽ ശ്രമിച്ചത്. കുതന്ത്രങ്ങൾ യുഡിഎഫിന് തന്നെ വിനയായി. പാലക്കാട്ടെ ഫലം യുഡിഎഫിനും ബിജെപിക്കും ആഘാതമായരിക്കും. ഷാഫിക്ക് വടകരയ്ക്ക് വണ്ടി കയറാം. വിഡി സതീശൻ പറവൂരിൽ തന്നെ കെട്ടിത്തിരിയേണ്ടി വരും. ഞങ്ങളുടെ വോട്ടർമാരെ എല്ലാം ബൂത്തിൽ എത്തിച്ചിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
STORY HIGHLIGHT: cpim district secretary alleges deal between congress bjp in palakkad byelection