കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായല്‍. അഷ്ടമുടി എന്നതിന്റെ അര്‍ത്ഥം എട്ടു ശാഖകള്‍ എന്നാണ്. ഈ പേര് കായല്‍ പരന്നുകിടക്കുന്ന സ്ഥലത്തിന്റെ ഒരു ദൃശ്യരൂപം വരച്ചുകാട്ടുന്നു. എട്ടു പ്രധാന ശാഖാകാലാണ് കായലിനുള്ളത്. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.
കായലിന്റെ തെക്കുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടു സവാരി ഈ കായല്‍ പാതയിലൂടെ കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങള്‍ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂര്‍ സമയം വരുന്നതാണ്. തടാകങ്ങള്‍,കനാലുകള്‍,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങള്‍ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാന്‍ അവസരമൊരുക്കുന്നു.
കൊല്ലം മുതല്‍ വടക്കോട്ട് എട്ട് മുടികളായി (ശാഖകളായി) 50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് അഷ്ടമുടിക്കായല്‍ പരന്നുക്കിടക്കുന്നത്. സാമ്പ്രാണിക്കോടി മുനമ്പില്‍ നിന്നാണ് കായല്‍ എട്ട് മുടികളായി തിരിയുന്നത്. ഇതുതന്നെ വളരെ മനോഹരമായ കാഴ്ചയാണ്. മുട്ടറ്റം വെള്ളത്തില്‍ കിലോമീറ്ററുകളോളം കായലിലൂടെ ചുറ്റിനടക്കാമെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണീയത. ജീവനുള്ള ശംഖുകളും ചിപ്പികളും പെറുക്കാനും കാലിലുരുമ്മി നീങ്ങുന്ന കരിമീനുകളെ പിടിക്കാനും കഴിയും.
പ്രദേശവാസികളായ മീന്‍പിടുത്തക്കാര്‍ കായലിലൂടെ നടന്ന് വളരെ വൈദഗ്ദ്ധ്യത്തോടെ മീന്‍പിടിക്കുന്ന അപൂര്‍വ കാഴ്ചയും കാണാം. കായലിലേക്ക് ഇറങ്ങി നില്ക്കുന്ന കണ്ടല്‍ മരങ്ങളില്‍ വലിഞ്ഞുക്കയറിയും ഊഞ്ഞാലാടിയുമൊക്കെ ഉല്ലസിക്കാനും, കരിമീനും കപ്പയും ഞണ്ടും ഉള്‍പ്പടെയുള്ള തനി നാടന്‍ ഭക്ഷണം കഴിക്കാനും അവസരമുണ്ട്. മുന്‍കൂട്ടി അറിയിച്ചാല്‍ കായലില്‍ നിന്ന് പിടിക്കുന്ന മീനിനെ അപ്പോള്‍ തന്നെ പാകം ചെയ്ത് കഴിക്കാനും സൗകര്യം ലഭിക്കും.
തുരുത്തിലെക്ക് എത്താന്‍ കടവില്‍ നിന്ന് ബോട്ടും വള്ളവും ശിക്കാരവള്ളവും ഒക്കെ ലഭിക്കും. തുരുത്തിലേക്ക് പോകാനും തിരികെ വരാനും ഒരാള്‍ക്ക്, സാധാരണ നൂറുരൂപയാണ് നിരക്ക്. ആവശ്യക്കാര്‍ക്ക് പാക്കേജായും ബോട്ട്/ വള്ള സൗകര്യമുണ്ട്. കായലിന്റെ മറ്റുഭാഗങ്ങളിലേക്ക് പോകാന്‍ തുരുത്തില് നിന്ന് ചെറുവള്ളങ്ങളുണ്ട്. ഒരാള്‍ക്ക് അമ്പതുരൂപ എന്ന നിരക്കിലാണ് ഇവര്‍ ഈടാക്കുന്നത്.
സഞ്ചാരികള്‍ക്കായി ജില്ലാ ടൂറിസം വകുപ്പിന്റെ (ഡിടിപിസി) ക്രൂയിസ് യാത്ര പാക്കേജുകളുമുണ്ട്. ഈ പാക്കേജിന്റെ ഭാഗമായി, രുചികരമായ പ്രാദേശിക വിഭവങ്ങള്‍ ആസ്വാദിക്കാനും ഈ മത്സ്യത്തൊഴിലാളി ഗ്രാമത്തിന്റെ ജീവിതം അടുത്ത് അറിയാനും അവസരം ലഭിക്കും. മത്സ്യങ്ങള്‍, ആല്‍ഗകള്‍, പക്ഷികള്‍ മുതലായവ ഉള്‍പ്പെടുന്ന സമുദ്ര ആവാസവ്യവസ്ഥയുടെ ദൃശ്യഭംഗിയും ഇവിടെ ആസ്വദിക്കാം.
ഇതുകൂടാതെ കെട്ടുവള്ളത്തിലൂടെ അഷ്ടമുടി കായല്‍ യാത്ര, മത്സ്യബന്ധനം, സാമ്പ്രാണിക്കോടിയ്ക്കടുത്തുള്ള ഒരു മനുഷ്യനിര്‍മ്മിത ദ്വീപിലെ മുത്തുച്ചിപ്പി ശേഖരണം, ആഴം കുറഞ്ഞ കായല്‍ പ്രേദശത്തിലൂടെയുള്ള നടത്തം (2 മുതല്‍ 4 കിലോമീറ്റര്‍ വരെ) തുടങ്ങിയവയും ഡിടിപിസി ഒരുക്കുന്നുണ്ട്.
രാവിലെ 09 മണിക്കും വൈകിട്ട് 05 മണിക്കും ഇടയ്ക്കാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. സാമ്പ്രാണിക്കോടി മുനമ്പ് കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ഒരു അഷ്ടമുടിക്കായല്‍ വിനോദ സഞ്ചാര സര്‍ക്യൂട്ട് പദ്ധതിയും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
കൊല്ലം ബൈപ്പാസിലെ കടവൂര്‍ സിഗ്നല്‍ – അഞ്ചാലുംമൂട് – പ്രാക്കുളം വഴി സാമ്പ്രാണിക്കോടി കടവിലെത്തിച്ചേരാന് സാധിക്കും. ഇവിടേക്ക് ബസ് സര്‍വീസും ടാക്സി സൗകര്യവും ലഭ്യമാണ്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യവുമുണ്ട്.