കൈപ്പ് രുചി കൊണ്ട് തന്നെ കൈപ്പക്ക ആർക്കും അത്ര ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി അല്ല. എന്നാൽ ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. കൈപ്പ് രുചി എടുത്തുനിൽക്കാത്ത രീതിയിൽ എങ്ങനെയാണ് കൈപ്പക്ക കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം. കൈപ്പക്ക ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ മാറ്റിവെക്കുക. ശേഷം വെള്ളം പിഴിഞ്ഞ്, രണ്ട് തവണ കഴുകിയെടുക്കണം. ഇങ്ങനെ ചെയ്യുന്നത് കൈപ്പുരുചി കുറയ്ക്കും. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, ഇതിലേക്ക് കൈപ്പക്ക ചേർത്ത് നിറം മാറുന്നതുവരെ വഴറ്റുക. ശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവയും കടുകും ചേർത്തു പൊട്ടിച്ച് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിലേക്ക് 10 ഉണക്കമുളക് ചേർക്കണം. അതിലേക്ക് പുളിവെള്ളം മഞ്ഞൾപൊടി, കായം, മുളകുപൊടി എന്നിവ ചേർക്കാം. ഇത് നന്നായി തിളയ്ക്കുമ്പോൾ പാവയ്ക്ക ചേർക്കാം. അടുത്തതായി ശർക്കര പൊടിയാണ് ചേർക്കേണ്ടത്. ആവശ്യത്തിനുള്ള ഉപ്പും ചേർക്കണം. ഇത് തിളച്ചു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഒട്ടും കൈപ്പില്ലാത്തതിനാൽ ഈ കറി കുട്ടികൾക്ക് പോലും ഇഷ്ടമാവും.